വേനലവധിക്ക് ചൂടിൽ നിന്ന് രക്ഷതേടി തണുപ്പുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകളിലാണ് മിക്കവാറും പേരും. കായലുകളിലും നദികളിലും മഞ്ഞു പുതച്ച മലകളും തേടിയാണ് സഞ്ചാരികൾ ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നത്. ചൂട് സഹിക്കാൻ കഴിയാതെ വസ്ത്രങ്ങൾ വരെ ഊരിയെറിയാൻ ഈ യാത്രകളിൽ പലരും വിചാരിക്കും. എന്നാൽ അക്ഷരാർത്ഥത്തിൽ തന്നെ നഗ്നരായി പോകാൻ കഴിയുന്ന യാത്രകളുണ്ട്. കപ്പലിൽ ആണ് നഗ്നരായി യാത്ര ചെയ്യാനുള്ള പാക്കേജ് ഒരുങ്ങുന്നത്.
നോർവീജിയൻ കപ്പൽ കമ്പനിയായ ക്രൂസ് ലൈനിന്റെ നോർവീജിയൻ പേൾ എന്ന കപ്പലിലാണ് ഈ നഗ്നയാത്ര ഒരുക്കുന്നത്. മയാമിയിൽ നിന്ന് കരീബിൻ ദ്വീപിലേക്കുള്ള യാത്രയിൽ സഞ്ചാരികൾക്ക് നഗ്നരായി യാത്ര ചെയ്യാം. 2025 ഫെബ്രുവരിയിലാണ് യാത്ര സംഘടിപ്പിക്കുന്നത്. ഫ്ലോറിഡയിലെ മയാമിയിൽ നിന്ന് 2025 ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന യാത്ര 14ന് കരീബിയൻ ദ്വീപുകളിൽ എത്തും. 2300 പേർക്ക് ഈ കപ്പലിൽ സഞ്ചരിക്കാൻ സാധിക്കും. 11 രാത്രി ഈ കപ്പലിൽ കഴിയുന്നതിന് ഏറ്റവും കുറഞ്ഞ തുക ഒരു ലക്ഷമാണ്. ഏറ്റവും കൂടിയ നിരക്ക് 27 ലക്ഷം രൂപയും.
എന്നാൽ കപ്പലിൽ നഗ്നരായി യാത്ര ചെയ്യാമെങ്കിലും കമ്പനി മുന്നോട്ടു വയ്ക്കുന്ന ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. എപ്പോഴും വസ്ത്രമില്ലാതെ കപ്പലിൽ നിൽക്കാനാവില്ല. ബിഗ് ന്യൂഡ് ബോട്ട് 2025 എന്ന യാത്രയിൽ കപ്പൽ കടലിലായിരിക്കുമ്പോൾ മാത്രമേ നഗ്നരായി നടക്കാൻ സാധിക്കൂ. കപ്പൽ യാത്ര ആരംഭിക്കുന്നതിന് മുമ്പോ ഏതെങ്കിലും തുറമുഖങ്ങളിലേക്ക് അടുപ്പിക്കുമ്പോഴോ ആരും നഗ്നരായിരിക്കാൻ പാടില്ല. ഈ സമയങ്ങളിൽ നിർബന്ധമായും വസ്ത്രം ധരിച്ചിരിക്കണം. കപ്പലിൽ ഡൈനിംഗ് റൂം അടക്കമുള്ള സ്ഥലങ്ങളിലും യാത്രക്കാർ വസ്ത്രം ധരിച്ചിരിക്കണം. തീരത്ത് കപ്പൽ നങ്കൂരമിട്ടാൽ ബാൽക്കണിയിൽ പോകുമ്പോഴും വസ്ത്രം ധരിക്കണം.
ഇതിനെല്ലാമുപരി സഹയാത്രികരുടെ ഫോട്ടോകൾ, വീഡിയോകൾ എന്നിവ അവരുടെ അനുവാദമില്ലാതെ എടുക്കാനും പാടില്ല. പൂളിനും സാൻഡസ് ക്ലബിനും അടുത്ത് നോ ഫോട്ടോ സോണും ഉണ്ട്..