മാലെ: ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന സമ്പദ്വ്യവസ്ഥയെ സഹായിക്കാൻ ഇന്ത്യക്കാർ അകമഴിഞ്ഞ് സംഭാവന ചെയ്യണമെന്ന് മാലെ ദ്വീപിന്റെ അഭ്യർത്ഥനയ്ക്ക് പിന്നാലെ മാലെ വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്. മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ വ്യാഴാഴ്ച ഇന്ത്യയിലെത്തും. ഡൽഹിയിൽ വിദേശകാര്യ മന്ത്രി.എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. സമീറിന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന് കൂടുതൽ ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മാലെദ്വീപ് സാമ്പത്തിക വികസന വാണിജ്യ മന്ത്രി മുഹമ്മദ് സയീദ്, മാലെദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ മുനു മഹാവാറുമായി ഏപ്രിൽ 30 ന് കൂടിക്കാഴ്ച നടത്തിയതിയിരുന്നു. മാലദ്വീപിൽ ചൈനയുടെ ഇടപെടലിനെ തുടർന്ന് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീണ സാഹചര്യത്തിൽ സമീറിന്റെ സന്ദർശനത്തിന് പ്രാധാന്യമുണ്ട്.
നേരത്തെ ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന സമ്പദ്വ്യവസ്ഥയെ സഹായിക്കാൻ ഇന്ത്യക്കാർ അകമഴിഞ്ഞ് സംഭാവന ചെയ്യണമെന്ന് മാലദ്വീപ് മന്ത്രി ഇബ്രാംഹി ഫൈസൽ അഭ്യർത്ഥിച്ചിരുന്നു. ലക്ഷദ്വീപ് വിഷയത്തിൽ ഇന്ത്യയുമായുള്ള ബന്ധം വഷളായതിനു പിന്നാലെ മാലദ്വീപിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം വൻതോതിൽ കുറഞ്ഞിരുന്നു. ഇന്ത്യയുമായുള്ള ബന്ധം പൂർവ സ്ഥിതിയിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മാലദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസൽ ആണ് സംസാരിച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാലദ്വീപ് സർക്കാരും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ടൂറിസം മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ നാല് മാസങ്ങളിൽ 42 ശതമാനം കുറവുണ്ടായെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 73,785 ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപിൽ എത്തിയിരുന്നു. ഈ വർഷം എത്തിയത് 42,638 പേർ മാത്രമാണ്. മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, ഈ വർഷം ഏപ്രിൽ വരെ 6,63,269 വിനോദസഞ്ചാരികള് എത്തി. 71,995 പേർ ചൈനയിൽ നിന്നുള്ളവരാണ്, യുകെ (66,999), റഷ്യ (66,803), ഇറ്റലി (61,379), ജർമ്മനി (52,256) എന്നീ രാജ്യക്കാരാണ് തൊട്ടുപിന്നിൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 6 ന് ലക്ഷദ്വീപിൽ നിന്നുള്ള ഫോട്ടോകളും വീഡിയോയും പോസ്റ്റ് ചെയ്തതിന് പിന്നാലെ മാലദ്വീപിലെ മന്ത്രിമാർ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. പിന്നാലെയാണ് മാലദ്വീപിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞത്.