ന്യൂഡല്‍ഹി: ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാരുടെ ഐപിഎല്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ ജയം റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിന്. രാജസ്ഥാന്‍ റോയല്‍സിനെ 20 റണ്‍സിനാണ് ക്യാപിറ്റല്‍സ് പരാജയപ്പെടുത്തിയത്. ജയപരാജയങ്ങള്‍ അവസാന ഓവര്‍ വരെ മാറിമറിഞ്ഞ മത്സരത്തിലായിരുന്നു ഡല്‍ഹിയുടെ ആവേശ ജയം. നായകന്‍ സഞ്ജുവിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന് രാജസ്ഥാനെ ജയത്തിലേക്ക് എത്തിക്കാനാകാത്തതിന്റെ നിരാശയാണ് മത്സരം ആരാധകര്‍ക്ക് സമ്മാനിച്ചത്. ജയത്തോടെ ഡല്‍ഹിയും പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.
സ്‌കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ് 221-8 (20), രാജസ്ഥാന്‍ റോയല്‍സ് 201-8 (20)
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്‌വാള്‍ 4(2), ജോസ് ബട്‌ലര്‍ 19(17) എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് പെട്ടെന്ന് നഷ്ടമായി. പിന്നീടായിരുന്നു ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 86(46) തകര്‍പ്പന്‍ ഇന്നിംഗ്‌സ് കളിച്ചത്. ആറ് സിക്‌സറുകളും എട്ട് ഫോറും ഉള്‍പ്പെട്ട ഇന്നിംഗ്‌സ് അവസാനിച്ചത് സംശയാസ്പദമായ ക്യാച്ചിലൂടെയായിരുന്നു. ലോംഗ് ഓണില്‍ ഷായ് ഹോപ്പ് ക്യാച്ച് എടുക്കുമ്പോള്‍ കാല് ബൗണ്ടറി റോപ്പില്‍ തട്ടിയോ എന്ന സംശയം അല്‍പ്പനേരം കളി തടസ്സപ്പെടുത്തുകയും ചെയ്തു.
റിയാന്‍ പരാഗ് 27(22) റണ്‍സ് നേടി സഞ്ജുവിന് നല്ല പിന്തുണ നല്‍കിയെങ്കിലും റാസിക് സലാമിന്റെ പന്തില്‍ മൂന്നാമനായി പുറത്തായി. സഞ്ജു പുറത്തായതിന് പിന്നാലെ ശുഭം ദൂബെ 25(12) മടങ്ങിയതോടെ രാജസ്ഥാന്റെ നില പരുങ്ങലിലായി. ഡൊണോവാന്‍ ഫെറെയിറയാണ് പകരമെത്തിയത്. കുല്‍ദീപിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി 1(3) രണ്‍സെടുത്ത് ഫെറെയിറ മടങ്ങിയതോടെ റോയല്‍സ് കൂടുതല്‍ പരുങ്ങലിലായി. എട്ടാമനായി എത്തിയ രവിചന്ദ്രന്‍ അശ്വിനേയും 3(3) അതേ ഓവറിലെ അവസാന പന്തില്‍ കുല്‍ദീപ് മടക്കി.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ജേക്ക് ഫ്രേസര്‍ മക്ഗര്‍ക് 50(20), അഭിഷേക് പോരല്‍ 65(36) സഖ്യം നല്‍കിയത്. പിന്നീട് വന്ന ഷായ് ഹോപ്പ് 1(1), അക്‌സര്‍ പട്ടേല്‍ 15(10), ക്യാപ്റ്റന്‍ റിഷഭ് പന്ത് 15(13) എന്നിവര്‍ കാര്യമായി റണ്‍സ് കണ്ടെത്തിയില്ല. ദക്ഷിണാഫ്രിക്കന്‍ താരം ട്രിസ്റ്റന്‍ സ്റ്റബ്‌സ് 41(20) അവസാന ഓവറുകളില്‍ ആഞ്ഞടിച്ചപ്പോള്‍ ടീം സ്‌കോര്‍ 200ന് മുകളിലേക്ക് കുതിച്ചു. ഗുല്‍ബാദിന്‍ നയ്ബ് 19(15), റാസ്‌ക് സലാം 9(3), കുല്‍ദീപ് യാദവ് 5*(2) റണ്‍സ് വീതവും നേടി.