tea

വൈക്കം: വേനല്‍ച്ചൂട് വര്‍ദ്ധിച്ചതോടെ പാല് കുറഞ്ഞതിനൊപ്പം പശുക്കള്‍ ചാകുന്നതും ക്ഷീരമേഖലയ്ക്ക് ഭീഷണിയായി. കന്നുകാലികള്‍ അകിടുവീക്കം ബാധിച്ചു വായില്‍ നിന്നു നുരയും പതയും വന്ന് നേരെ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയിലായി. രോഗബാധിതരായ കന്നുകാലികളില്‍ ചിലത് ചത്തു. 70000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ മുടക്കി വാങ്ങിയ പശുക്കളെ 25,000നും 30,000നുമൊക്കെ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയാണ് കര്‍ഷകര്‍. രോഗബാധിതരായ കന്നുകാലികള്‍ക്ക് ചികില്‍സ നല്‍കായി മരുന്നു വാങ്ങാനും വന്‍ തുകയാണ് ചെലവു വരുന്നത്.

ജഴ്സി, സിന്ധി ക്രോസ്, എച്ച്എഫ്, ഗീര്‍ ഇനങ്ങളില്‍പ്പെട്ട 21 പശുക്കളും എരുമകളുമുണ്ടായിരുന്ന കൊടുതുരുത്തില്‍ മാര്‍ട്ടിന്‍ പ്രതിസന്ധി കടുത്തതോടെ പശുക്കളുടെ എണ്ണം 16 ആക്കി ചുരുക്കി. വന്‍ തുക കൊടുത്തു വാങ്ങിയ മൂന്നു പശുക്കള്‍ ചൂടുമൂലം ക്ഷീണത്തിലായതോടെ വാങ്ങിയതിന്റെ നാലിലൊന്നു വിലയ്ക്കാണ് മാര്‍ട്ടിന്‍ വിറ്റത്. പ്രതിദിനം 120ലിറ്റര്‍ പാല്‍ ലഭിച്ചിരുന്നത് 90ലിറ്ററായി കുറഞ്ഞു. തീറ്റ നല്‍കുന്നതിന്റെ ചെലവും വരുമാനവുമായി തട്ടിക്കുമ്പോള്‍ ദിനംപ്രതി 1200 രൂപയുടെ നഷ്ടമുള്ളതായി മാര്‍ട്ടിന്‍ പറയുന്നു.

പതിറ്റാണ്ടുകളായി പശുവളര്‍ത്തലില്‍ വ്യാപൃതയായ മറ്റം തോട്ടുപുറത്ത് ബാബു, പുഷ്പവല്ലി ദമ്പതികള്‍ കാലാവസ്ഥ വ്യതിയാനത്തോടെ പാല്‍ ലഭ്യത കുറഞ്ഞതോടെ 16 പശുക്കളുണ്ടായിരുന്നത് 12 ആയി കുറച്ചു. പ്രതിദിനം 80 ലിറ്റര്‍ പാല്‍ ലഭിച്ചിരുന്നത് 50 ലിറ്ററായി കുറഞ്ഞു. നിലവിലെ പരിപാലന ചെലവ് കണക്കിലെടുക്കുമ്പോള്‍ ലിറ്ററിന് 80 രൂപയെങ്കിലും ലഭിച്ചാല്‍മാത്രമേ കര്‍ഷകന് ക്ഷീരമേഖലയില്‍ തുടരാനാകൂവെന്ന് പുഷ്പവല്ലി പറയുന്നു. കന്നുകാലികള്‍ക്കുള്ള തീറ്റയും അനുബന്ധ സാമഗ്രികളും സബ്സിഡി നിരക്കില്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്‍കി കര്‍ഷകര്‍ക്ക് പിന്‍ബലമേകിയില്ലെങ്കില്‍ കന്നുകാലി പരിപാലനം ഗ്രാമീണ മേഖലയിലെ ഒരു ഓര്‍മ്മ ചിത്രമാകുന്ന കാലം വിദൂരമല്ലെന്ന് മാര്‍ട്ടിനും പുഷ്പവല്ലിയും പറയുന്നു.

ക്ഷീര കര്‍ഷകര്‍ക്ക് പുറമേ ക്ഷീര സംഘങ്ങളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വൈക്കത്തെ മികച്ച ക്ഷീര സംഘമായിരുന്ന ഉദയനാപുരം വല്ലകം ക്ഷീരോത്പാദക സംഘവും കടുത്ത പ്രതിസന്ധിയിലായി. 100 ലധികം കര്‍ഷകരുണ്ടായിരുന്നത് ഇപ്പോള്‍ 70 ആയി കുറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ പ്രതിദിനം 1500 ലിറ്റര്‍ പാല്‍ ലഭിച്ചിരുന്ന സംഘത്തിലിപ്പോള്‍ 1100 ലിറ്റര്‍ പാലാണ് ലഭിക്കുന്നത്. ചൂട് കൂടിയതിനെ തുടര്‍ന്ന് നടുവിലേഴത്ത് നിതാമോള്‍, വൈക്കപ്രയാര്‍ ഇലഞ്ഞിത്തറ സജിമോന്‍ എന്നിവരുടേതായി രണ്ടു പശുക്കള്‍ ചത്തു.

കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പാടെ നിലച്ചതാണ് ക്ഷീര മേഖലയിലെ തകര്‍ച്ചയിലേക്കു നയിച്ചതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ക്ഷീരമേഖലയില്‍ കര്‍ഷകരെ നിലനിര്‍ത്തുന്നതിനായി സര്‍ക്കാര്‍ അനുഭാവപൂര്‍വം നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.