d

കണ്ണൂർ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഉദ്യോഗസ്ഥർക്കും മറ്റും ഭക്ഷണം വിളമ്പിയതിലൂടെ വരുമാനത്തിൽ കുതിച്ചുചാട്ടം നടത്തി കുടുംബശ്രീ. വരുമാനനേട്ടത്തിൽ മുന്നിലെത്തിയത് കണ്ണൂർ യൂണിറ്റും. സംസ്ഥാനതലത്തിൽ 1,40,85,257 രൂപ നേടിയപ്പോൾ 37,10,545 രൂപ ലാഭമുണ്ടാക്കി കണ്ണൂർ യൂണിറ്റ് മുന്നിലെത്തി.

തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥർക്ക് ഭക്ഷണം തയാറാക്കി നൽകിയാണ് കുടുംബശ്രി ഈ നേട്ടമുണ്ടാക്കിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രെയിനിംഗ് കേന്ദ്രങ്ങൾ, പോളിംഗ് സാമഗ്രികളുടെ വിതരണ, ശേഖരണ കേന്ദ്രങ്ങൾ, വിവിധ പോളിംഗ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥർക്ക് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഭക്ഷണമെത്തിച്ച് നൽകിയാണ് നേട്ടം കൊയ്തത്.

പോളിംഗ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമാണ് പല ജില്ലകളിലും ഭക്ഷണം ഒരുക്കിയത്. കൂടാതെ തിരഞ്ഞെടുപ്പിന് എത്തുന്നവർക്ക് കുടിക്കാനായി വ്യത്യസ്തമായ ജ്യൂസുകളും വിതരണം ചെയ്തു. പോളിംഗ് ദിനം രാവിലെ ഇഡ്ഡലി-സാമ്പാർ, പുട്ട്,-ഗ്രീൻപീസ്, വെള്ളയപ്പം-മുട്ടക്കറി, ഉച്ചയ്ക്ക് ചോറ്, സ്‌പെഷ്യലായി മീൻ വറുത്തതും ഓംലറ്റുമാണ് ഒരുക്കിയത്. പള്ളിക്കുന്ന് കൃഷ്ണമേനോൻ വിമൺസ് കോളജിൽ പോളിംഗ് സാമഗ്രികൾ വാങ്ങാൻ എത്തിയവർക്കായി ശംഖുപുഷ്പം, ചെമ്പരത്തി സ്‌ക്വാഷുകളും, പഴുത്തമാങ്ങ ജ്യൂസും സംഭാരവുമാണ് വിതരണം ചെയ്തിരുന്നത്. ഇതിന് 20 രൂപയായിരുന്നു വില. ഉച്ചഭക്ഷണത്തിന് 70 - 80 രൂപയാണ് ഈടാക്കിയത്.


6454 ബൂത്തുകൾ, 1553 യൂണിറ്റുകൾ

സംസ്ഥാനത്തൊട്ടാകെ 6454 ബൂത്തുകളിൽ 1553 കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഭക്ഷണം തയാറാക്കി നൽകിയത്. ഇതിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയത് കണ്ണൂർ ജില്ലയിലെ കുടുംബശ്രീ യൂനിറ്റാണെന്നത് ജില്ലയെ സംബന്ധിച്ച് വലിയ നേട്ടമാണ്. 11 ലോക്‌സഭാ മണ്ഡലങ്ങളിലെ 1480 ബൂത്തുകളിൽ നിന്നായി 37,10,545 രൂപയാണ് ലഭിച്ചത്. രണ്ടാമത് തിരുവനന്തപുരമാണ്. 15 മണ്ഡലങ്ങളിലെ 2296 ബൂത്തുകളിൽ നിന്ന് 36,30,945 രൂപ ലഭിച്ചു. മൂന്നാമത് കൊല്ലമാണ്. 11 മണ്ഡലങ്ങളിലെ 1306 ബൂത്തുകളിൽ നിന്ന് 22,88,671 രൂപ വരുമാനം ലഭിച്ചു. 880 ബൂത്തുകളിൽ നിന്നായി 22,20,093 രൂപയാണ് കാസർകോട് നിന്നും ലഭിച്ചത്.