air-india

കണ്ണൂർ: മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയതിൽ ദുരിതത്തിലായി യാത്രക്കാർ. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതോടെ കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി.

അബുദാബി, ഷാർജ, മസ്‌കറ്റ്, എന്നിവിടങ്ങളിൽ പോകേണ്ട മൂന്ന് വിമാനസർവീസുകളാണ് ആദ്യം റദ്ദാക്കിയത്. പിന്നീട് ബഹറൈൻ, ദമാം, എന്നിവിടങ്ങളിലേയ്ക്കുള്ള സർവീസുകൾ കൂടി റദ്ദാക്കുകയായിരുന്നു. കരിപ്പൂരിൽ രാവിലെ എട്ടുമണിമുതൽ ആറ് സർവീസുകളാണ് റദ്ദാക്കിയത്. റാസൽഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കുള്ള വിമാനങ്ങളാണ് ഇത്. തിരുവനന്തപുരത്ത് മസ്‌കറ്റ്, ദുബായ്, അബുദാബി വിമാനങ്ങളാണ് യാത്ര മുടക്കിയത്. നെടുമ്പാശേരിയിൽ നിന്ന് നാല് വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂരിൽ മൂന്ന് സർവീസുകളും മുടങ്ങി.

പലരും അതിരാവിലെ തന്നെ വിമാനത്താവളങ്ങളിൽ എത്തിയിരുന്നു. യാത്രക്കാർ ചെക്ക് ഇൻ ചെയ്തതിനുശേഷമാണ് സർവീസുകൾ റദ്ദാക്കിയതായി അറിയുന്നത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കാണ് സർവീസുകൾ റദ്ദാക്കാൻ കാരണമെന്നാണ് വിവരം. അലവൻസ് അടക്കമുള്ള ആവശ്യങ്ങൾ ഉയർത്തിക്കാട്ടി എയർ ഇന്ത്യാ ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കുന്നുണ്ടെന്നാണ് സൂചന.

യാത്ര മുടങ്ങിയവരിൽ ജോലിക്ക് അടിയന്തരമായി തിരികെ പ്രവേശിക്കേണ്ട പ്രവാസികളാണ് കൂടുതലും. പലരും വിസ ക്യാൻസലേഷൻ പ്രതിസന്ധികളും നേരിടുന്നുണ്ട്. ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് പലരും. വിമാനത്താവളങ്ങളിൽ വലിയ പ്രതിഷേധമുണ്ടായി. സർവീസുകൾ മുടങ്ങിയതിന് പരിഹാരമായി നാളെമുതലുള്ള വിമാനങ്ങളിൽ മുൻഗണനാക്രമത്തിൽ ടിക്കറ്റ് നൽകാമെന്നാണ് എയർ ഇന്ത്യ ഉറപ്പ് നൽകുന്നത്. യാത്രക്കാർക്ക് ടിക്കറ്റിന്റെ മുഴുവൻ തുകയും തിരിച്ച് നൽകുകയോ മറ്റൊരു ദിവസത്തേയ്ക്ക് ടിക്കറ്റ് നൽകുകയോ ചെയ്യുമെന്ന് കമ്പനി പറയുന്നു.