തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനാശ്വാസമായി ഇന്ന് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്നുരാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 15 സെന്റിമീറ്ററിനും 45 സെന്റിമീറ്ററിനും ഇടയിൽ മാറിവരുവാൻ സാദ്ധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നു.
അതേസമയം, ചൂട് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പലയിടങ്ങളിലും യെല്ലോ അലർട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 - 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.