students

തിരുവനന്തപുരം: 'മൾട്ടിപ്പിൾ എക്സിറ്റ്-എൻട്രി' എന്ന കേന്ദ്ര നിർദ്ദേശം കേരളത്തിൽ നടപ്പാക്കില്ലെന്ന് സർക്കാർ. ഇക്കൊല്ലം തുടങ്ങുന്ന നാലുവർഷ ബിരുദ കോഴ്‌സിൽ ഒന്നാംവർഷം പൂർത്തിയാക്കുമ്പോൾ മുതൽ മറ്റാവശ്യങ്ങൾക്കായി പഠനം നിറുത്താനും ഏത് ഘട്ടത്തിലും തിരിച്ചുവരാനും വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കണമെന്നാണ് കേന്ദ്ര നിർദേശം. സമ്പ്രദായം അപ്രായോഗികമാണെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നുമാണ് കേരളത്തിന്റെ നിലപാട്. മൂന്നാംവർഷം ഒറ്റ എക്സിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂവന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.

ഒരുവർഷം പഠിച്ചശേഷം നിറുത്തിപ്പോയാൽ കോഴ്സ് സർട്ടിഫിക്കറ്റും, രണ്ടു വർഷം പൂർത്തിയാക്കിയാൽ ഡിപ്ലോമയും മൂന്നാംവർഷം ബാച്ചിലർ ബിരുദവും നാലുവർഷം പൂർത്തിയാക്കിയാൽ ഓണേഴ്സ് ബിരുദവും നൽകാനാണ് കേന്ദ്ര നിർദ്ദേശം. നാലുവർഷം പഠിക്കാത്തവർക്ക് എട്ടുവർഷത്തിനുള്ളിൽ തിരികെയെത്തി പഠനം തുടരാം. എന്നാൽ, ആദ്യവർഷം മുതൽ എക്സിറ്റ് അനുവദിച്ചാൽ വിദ്യാർത്ഥികൾ കൊഴിയുമെന്നും കോഴ്സ് നടത്താനാവില്ലെന്നുമാണ് കേരളത്തിന്റെ നിലപാട്.

നാലുവർഷ കോഴ്സാണെങ്കിലും മൂന്നുവർഷം കൊണ്ട് നിശ്ചിത ക്രെഡിറ്റ് നേടി പഠനം അവസാനിപ്പിച്ചാൽ ബിരുദം ലഭിക്കും. മൂന്നുവർഷം കൊണ്ട് 75% ക്രെഡിറ്റ് നേടുന്നവർക്ക് നാലാംവർഷം തുടർന്ന് പഠിക്കാം. ഇവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം കിട്ടും. അഞ്ച് സെമസ്റ്റർ കൊണ്ട് നിശ്ചിത ക്രെഡിറ്റ് നേടുന്നവർക്ക് ആറാം സെമസ്റ്റർ പഠിക്കാതെ കോഴ്സ് വിജയിച്ചുപോകാവുന്ന എൻ-മെനസ് വൺ സംവിധാനവും നടപ്പാക്കും. ഇതിനായി സംസ്ഥാനം നിയമ ഭേദഗതി കൊണ്ടുവരും.

ഒന്നാംവർഷം മുതൽ

കോളേജ് മാറാം

അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റിൽ ക്രെഡിറ്റ് ഉൾപ്പെടുത്തുന്നതിനാൽ ഒന്നാംവർഷം പൂർത്തിയാക്കിയാൽ രാജ്യത്തെ ഏത് കോളേജിലേക്കും സർവകലാശാലയിലേക്കും മാറാം. മാറാനാഗ്രഹിക്കുന്നിടത്ത് സമാന കോഴ്സുണ്ടാവണം

വാഴ്സിറ്റികളിൽ ഇതിനായി ആദ്യവർഷം 10% സീറ്റുകൾ സൂപ്പർന്യൂമററിയായി സൃഷ്ടിക്കും

നാലുവർഷ ബിരുദത്തിന് 120 ക്രെഡിറ്റുകളാണ് കേന്ദ്രം നിർദ്ദേശം. എന്നാൽ, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം, ആശയവിനിമയം, നൈപുണ്യവികസനം കൂടി ഉൾപ്പെടുത്തി

കേരളത്തിൽ 133 ക്രെഡിറ്റുകളാക്കി