"സുലൈഖ മൻസിൽ" എന്ന സിനിമ കഴിഞ്ഞ സമയത്ത് വസ്ത്രധാരണത്തിൽ ചില മാറ്റങ്ങൾ വന്നിരുന്നെന്ന് തുറന്നുപറഞ്ഞ് അനാർക്കലി മരക്കാർ. ' ആ സമയത്ത് മലബാർ സൈഡിലൊക്കെ ഫാൻസ് കൂടുതലുണ്ടായിരുന്നു. സിനിമ ആ ഒരു കൾച്ചറിനെ ബേസ് ചെയ്തതായിരുന്നു. അപ്പോൾ എനിക്ക് തോന്നി അവർക്ക് എന്നെ സെക്സി ഡ്രസിൽ കാണാൻ ഇഷ്ടമില്ലെന്ന്. മലബാർ ഭാഗത്ത് സിനിമ വിജയമായിരുന്നു. ചെറിയ കുട്ടികളൊക്കെ എന്നെ കാണുമ്പോൾ ഹാല താത്തയല്ലേ എന്നൊക്കെ ചോദിച്ചു. അപ്പോൾ എനിക്ക് തോന്നി ഫാമിലിയൊക്കെ ഉള്ള സ്ഥലത്ത് അത്തരം വസ്ത്രങ്ങൾ വേണ്ടെന്ന്.
പണ്ടൊക്കെ എനിക്ക് എങ്ങനത്തെ ഡ്രസ് വേണമെങ്കിലും ഇട്ട് ഫോട്ടോഷൂട്ടൊക്കെ ചെയ്യായിരുന്നു. ഇൻസ്റ്റഗ്രാമിലൊക്കെ കുറച്ച് നാളത്തേക്കെങ്കിലും മോഡേൺ വസ്ത്രങ്ങൾ വേണ്ടെന്ന് തീരുമാനിച്ചു. ഇപ്പോൾ ഞാൻ അത്തരം വസ്ത്രങ്ങളൊക്കെ ഇടാറുണ്ട്. ആ സമയത്ത് അങ്ങനെയൊരു സംഭവം ചെയ്തായിരുന്നു. അവരുടെ ഒരു ഇഷ്ടത്തെ ഹേർട്ട് ചെയ്യേണ്ടെന്ന് തോന്നി. കുറേനാൾ തട്ടമിട്ട പ്രൊഫൈൽ ഫോട്ടായായിരുന്നു ഇൻസ്റ്റഗ്രാമിൽ'- നടി പറഞ്ഞു.
ഇതിനിടയിൽ ഹിജാബിന്റെ പരസ്യത്തിൽ അഭിനയിച്ചതിനെക്കുറിച്ചും നടി പറഞ്ഞു. 'ഹിജാബിന്റെ പരസ്യമൊക്കെ ചെയ്തായിരുന്നു. ഹിജാബ് ഞാൻ ഇട്ടിട്ടേയില്ല. മോഡേൺ വേഷങ്ങൾ ഇടാൻ അനുവദിച്ച രക്ഷിതാക്കൾക്കൊപ്പമാണ് വളർന്നത്. തട്ടമൊന്നും അങ്ങനെ ഇട്ടിട്ടേയില്ല. നാട്ടിൽ പോകുമ്പോൾ ചിലപ്പോൾ ഷോളൊക്കെ ഇടും.'- നടി വ്യക്തമാക്കി.
അൽത്താഫ് സലിം, അനാർക്കലി മരക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "മന്ദാകിനി" ഈ മാസം 24ന് തീയേറ്ററുകളിലെത്താൻ പോകുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് നടി വസ്ത്രധാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന മന്ദാകിനിയിൽ ആരോമൽ എന്ന കഥാപാത്രമായി അൽത്താഫും അമ്പിളിയായി അനാർക്കലിയും എത്തുന്നു.ഗണപതി, ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ,അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ,അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്,രശ്മി അനിൽ,ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.