kochi

അടുത്തകാലത്ത് കൊച്ചിയെ നടുക്കിയ മിക്ക കുറ്റകൃത്യങ്ങളിലും പ്രതികളെല്ലാം 'വരത്തന്മാ"രാണെന്നതാണ് ശ്രദ്ധേയം. ക്രിമിനൽ പശ്ചാത്തലമുള്ള പലരും പണമുണ്ടാക്കാൻ തമ്പടിക്കുന്നതും കൊച്ചിയിലാണ്. അധോലോകാംഗമാകാൻ മുമ്പ് മുംബയ്ക്ക് വണ്ടികയറിയിരുന്ന റൂട്ട് കൊച്ചിയിലേക്കു മാറ്റിയവരും ഏറെ. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് കൊച്ചിയെ മുംബയോട് ചേർത്തുകെട്ടാൻ തുടങ്ങിയത്. ക്വട്ടേഷൻ സംഘങ്ങൾ വേരുറപ്പിച്ചതോടെയാണിത്. ഇന്ന് പുറലോകം അറിയുന്ന കേട്ടുകേൾവില്ലാത്ത കുറ്റകൃത്യങ്ങുടെ കേന്ദ്രമായി കൊച്ചിയെ മാറ്റിയതും ഈ ക്വട്ടേഷൻ സംഘങ്ങളുടെ വളർച്ചയാണ്. ഗുണ്ടാ സംഘങ്ങളുടെ തലവന്മാർ കൊച്ചിക്കാരാണെങ്കിലും അംഗങ്ങളെല്ലാം മറ്റു ജില്ലക്കാരാണ്. യുവാക്കളാണ് അധികവും.


പതിനെട്ടര കൂട്ടം

പതിനെട്ടരക്കൂട്ടമെന്ന ക്വട്ടേഷൻ സംഘമാണ് ഇന്ന് കൊച്ചിയിലെ ചെറുതും വലുതുമായ ഗുണ്ടാപ്പടകളുടെയെല്ലാം പൂർവാശ്രമം. നഗരം വൻവികസനത്തിലേക്ക് കുതിച്ചു തുടങ്ങിയ തൊണ്ണൂറുകളിലാണ് പതിനെട്ടരക്കൂട്ടം രൂപംകൊള്ളുന്നത്. കേരളത്തിലെ ആദ്യ ക്വട്ടേഷൻ സംഘം. രണ്ടു പതിറ്റാണ്ടിനിടെ സംഘം പലതായി പിളർന്നു. ഇന്ന് ആലുവ, തമ്മനം, മരട്, നെട്ടൂർ, പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങൾ ഏറ്റെടുക്കാത്ത ക്വട്ടേഷനുകളും പയറ്റാത്ത കുറ്റകൃത്യങ്ങളുമില്ല.

ഇക്കഴിഞ്ഞ തിങ്കളാഴ്ച തോക്കുകളുമായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ താടി റിയാസ് പെരുമ്പാവൂർ സംഘത്തിലെ കണ്ണിയാണ്. രണ്ടുമാസം മുമ്പ് നഗരത്തിലെ ബാർ ഹോട്ടലിൽ ജീവനക്കാർക്കു നേരെ വെടിയുടർത്തയാൾ മരട് സംഘാംഗവും. ഗുണ്ടകളോടുള്ള ആരാധനയിലാണ് വെടിവയ്പ് കേസിലെ പ്രതി ക്വട്ടേഷൻ സംഘത്തിൽ ചേർന്നത്. ബഹുഭൂരിഭാഗം പേരും അങ്ങനെതന്നെ. മാറുന്ന കാലത്തിന് അനുസരിച്ച് ഗുണ്ടാപ്രവർത്തനവും മാറ്റുന്ന ഇവർ യുവാക്കളെ ചാക്കിട്ടു കൂടെനിറുത്താൻ സാമൂഹിക മാദ്ധ്യമങ്ങളൾ വരെ ഉപയോഗിക്കുന്നു. റീൽസ് പ്രചരിപ്പിക്കുന്നതാണ് പുതിയ രീതി. ഇതുകണ്ട് മറ്റുജില്ലകളിൽ നിന്ന് നിരവധി യുവാക്കൾ ക്വട്ടേഷൻ സംഘത്തിൽ ചേർന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

നോക്കിയാൽ പോലും പക!


ഏത് വീര്യംകൂടിയ മയക്കുമരുന്നും കൊച്ചിയിൽ കിട്ടുമെന്ന സ്ഥിതിയാണിപ്പോൾ. ലഹരിമരുന്നുകളുടെ പരീക്ഷണശാല കൂടിയായി,​ കൊച്ചി. ലഹരിയുടെ ഉന്മാദത്തിൽ ചെയ്യുന്ന കുറ്റകൃത്യങ്ങളും ഏറുകയാണ്. കഴിഞ്ഞ ദിവസം എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആരെയും ഞെട്ടിക്കും. ഹൈക്കോടതി ജംഗ്ഷനിൽ തുറിച്ചുനോക്കിയതിന് പതിനേഴുകാരൻ മറ്റൊരു പതിനേഴുകാരനെ ചില്ലുകുപ്പി പൊട്ടിച്ച് കുത്തിവീഴിത്തി. പ്രതിയെ പിടികൂടി പൊലീസ് ജുവനൈൽ ഹോമിലേക്കു മാറ്റി. ലഹരിയുടെ ഉന്മാദത്തിലായിരുന്നു കുറ്റകൃത്യം.

പ്രതിദിനം ഇരുപതിലധികം ലഹരിക്കേസുകളാണ് കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്യുന്നത്. യുവതികളും പ്രതികളാണ്. കാക്കനാട് ഫ്ലാറ്റിൽ യുവാവിനെ കൊന്ന് പായയിൽ പൊതിഞ്ഞ് മാലിന്യപൈപ്പിൽ തള്ളിയതും ലഹരി ഇടപാടിലെ തർക്കത്തിന്റെ ബാക്കിയായിരുന്നു. 55,000 രൂപയ്ക്ക് മംഗലാപുരത്തു നിന്ന് വാങ്ങിയ കഞ്ചാവ് ട്രെയിൻ മാർഗം കൊച്ചിയിലെത്തിച്ച് മുഴുവനും വിറ്റുതീർത്തെങ്കിലും പണം നൽകിയില്ലെന്നതായിരുന്നു കാരണം. സുഹൃത്തിനെ കൊന്ന് രക്തക്കറയെല്ലാം വൃത്തിയാക്കിയ ശേഷം അതേ മുറിയിലിരുന്ന് മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് പ്രതി ഒളിവിൽ പോയത്. അറസ്റ്റിലായ യുവാവും കൊല്ലപ്പെട്ടയാളും മറ്രു ജില്ലക്കാരായിരുന്നു.

സുരക്ഷിത കേന്ദ്രം

ആദ്യ കാമുകനിൽ പിറന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ ആലപ്പുഴക്കാരിയായ ഭാര്യയും കണ്ണൂ‌‌ർ സ്വദേശിയായ പുതിയ കാമുകനും ചേർന്ന് പദ്ധതിയിട്ടപ്പോൾ കൊച്ചിയായിരുന്നു ഇരുവരുടെയും മനസിലെത്തിയ ആദ്യ സ്ഥലം. കുഞ്ഞിനെ തലകീഴായി പിടിച്ച് മുട്ടുകാലിലേക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്രിലായ ഇവരോട് എന്തുകൊണ്ട് കൊച്ചിയിലേക്ക് വന്നുവെന്ന എളമക്കര പൊലീസിന്റെ ചോദ്യത്തിന്,​ സേഫ് ആയ ഇടമെന്നായിരുന്നു പ്രതികളുടെ മറുപടി!

എളമക്കരയിൽ ലോഡ്ജെടുത്താണ് അമ്മയുടെ അനുവാദത്തോടെ കുട്ടിയെ കാമുകൻ വകവരുത്തിയത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന കള്ളംപറഞ്ഞ് ആശുപത്രിയിൽ കുട്ടിയുമായി എത്തുകയും പരിശോധനയിൽ കൊലപാതക സാദ്ധ്യത തെളിയുകയുമായിരുന്നു. കൊച്ചിക്കാരാകെ തലകുനിച്ച സംഭവമായിരുന്നു ഇതും. കൊച്ചിയിൽ നിന്ന് അടുത്തിടെ കേട്ട ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളിലും പ്രതികൾ അന്യജില്ലാക്കാരാണെന്നാണ് പൊലീസ് സാക്ഷ്യപ്പെടുത്തുന്നത് .

സുരക്ഷിതമായ ഇടംതേടിയാണ് ഇവരെല്ലാം കൊച്ചിയിലേക്ക് എത്തുന്നത്. പാലക്കാട്, തൃശൂർ,ആലപ്പുഴ, കൊല്ലം ജില്ലകളിലെ കാപ്പ കേസ് പ്രതികളെല്ലാം കൊച്ചിയിലാണ് തമ്പടിച്ചിരിക്കുന്നത്. നഗരത്തിലെ ഫ്ലാറ്റുകളിലാണ് താമസം. ഇവർ കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലഹരിക്കച്ചവടവും ഹവാലയുമാണ് പ്രധാന പരിപാടി.

കമ്മിഷണറേറ്റ് വരണം

തൃപ്പൂണിത്തുറ വരെയുള്ള സ്ഥലങ്ങളാണ് കൊച്ചി സിറ്റി പൊലീസിനു കീഴിൽ വരുന്നത്. ഇപ്പോഴുള്ള ഉദ്യോഗസ്ഥരുടെ കണക്ക് പരിഗണിച്ചാൽ ഇതിന് പര്യാപ്തമല്ല. വൈപ്പിൻ കൂടി ഉൾപ്പെടുത്തി കൊച്ചി കമ്മിഷണറേറ്റിന് രൂപം നൽകണം. ഒപ്പം അംഗബലം കൂട്ടുകയും ചെയ്താൽ കൊച്ചിയിലെ കുറ്റകൃത്രങ്ങൾ വലിയതോതിൽ കുറയ്ക്കാം. തൊട്ടപ്പുറത്തെ ഫ്ലാറ്രിൽ താമസിക്കുന്നത് ആരാണെന്നു പോലും തിരക്കുന്ന രീതി ഇപ്പോഴില്ല. കുറ്റവാളികൾക്ക് ഇത് ഗുണമാണ് ചെയ്യുക. അതത് സർക്കാർ വകുപ്പുകൾ കൃത്യമായി ജോലി ചെയ്യാതിരിക്കുകയും ഒടുവിൽ കുറ്രകൃത്യം നടന്നുകഴിയുമ്പോൾ എല്ലാം പൊലീസിന്റെ തലയിൽ വയ്ക്കുകയും ചെയ്യുന്നതാണ് പതിവ്.

ടി.പി. സെൻകുമാർ

മുൻ പൊലീസ് മേധാവി

കേസ്,​ എണ്ണം ഈ വർഷം

...............................

കൊലപാതകം: 02
കൊപാതക ശ്രമം: 08
കൊള്ളയടി: 04
ലഹരിക്കേസ്: 364
പീഡനം: 03
(സിറ്റി പൊലീസ് രേഖ)​

കേസുകൾ

(2022- 23)​

..............................................

(എക്സൈസ്,​ എറണാകുളം)

ലഹരിക്കേസ്: 876 - 928
അബ്കാരി: 1180 - 1277
നിരോധിതപുകയില: 85,​59- 99,​201
ആകെ അറസ്റ്റ്: 911