അബുദാബി: ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് പ്രതിദിന വിമാന സർവീസുകൾ ഉടൻതന്നെ ആരംഭിക്കുമെന്ന് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (എഫ് ഐ എ) അധികൃതർ. സർവീസ് എപ്പോൾ ആരംഭിക്കുമെന്നതിന് കൃത്യമായ തീയതി അറിയിക്കാനാവില്ലെന്നും ചില ഡോക്യുമെന്റേഷനുകൾ പൂർത്തിയാക്കാൻ മാത്രമാണുള്ളതെന്നും എഫ് ഐ എ ബിസിനസ് ഡവലപ്പ്‌മെന്റ് മാനേജർ മാർക്ക് ഗോവെൻഡർ പറഞ്ഞു.
വിവിധ എയർലൈനുകൾ എഫ് ഐ എയുമായി പ്രവർത്തിക്കാൻ താത്‌പര്യം അറിയിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. ഈ വർഷം ജൂലായിൽ ഈജിപ്‌ത് എയർ എഫ് ഐ എയിലേയ്ക്ക് വിമാനസർവീസുകൾ തുടങ്ങും. ജൂലായ് 11നാണ് സർവീസ് തുടങ്ങുന്നത്. ഒരു ഇന്ത്യൻ എയർലൈനുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. മറ്റ് നിരവധി എയർലൈനുകളും താത്‌പര്യം അറിയിച്ചിട്ടുണ്ടെന്നും മാർക്ക് ഗോവെൻഡർ വ്യക്തമാക്കി. നിലവിൽ ഇന്ത്യയിലേയ്ക്ക് എഫ് ഐ എയിൽ നിന്ന് സർവീസില്ല.
ഒമാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സലാം എയർ കഴിഞ്ഞ ജൂൺ മുതൽ എഫ് ഐ എയിലേയ്ക്ക് പ്രതിവാര ഫ്ളൈറ്റുകൾ ആരംഭിച്ചിരുന്നു. ആഴ്‌ചയിൽ രണ്ട് വിമാനങ്ങൾ മസ്‌കറ്റിലേയ്ക്ക് പറക്കുന്നുണ്ട്. ഇവ രണ്ടും വിജയകരമായി പ്രവർത്തിക്കുകയാണ്. നൂറ് ശതമാനം ശേഷിയിലാണ് ഇവ പ്രവർക്കുന്നതെന്നും അധികൃതർ പറയുന്നു. എഫ് ഐ എയിൽ നിന്ന് സലാലയിലേക്കുള്ള സലാം എയറിന്റെ നേരിട്ടുള്ള ഫ്ലൈറ്റുകൾ യു എ ഇ നിവാസികൾക്കിടയിൽ വലിയ ജനപ്രിയമായിരുന്നുവെന്നും ഇവർ വ്യക്തമാക്കുന്നു.
പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള നീക്കത്തിലാണ് എഫ് ഐ എ. 'പ്രതിവർഷം രണ്ട് ദശലക്ഷത്തിലധികം യാത്രക്കാർക്ക് യാത്ര ഉറപ്പാക്കാൻ ഞങ്ങൾക്ക് സാധിക്കും. സമാന്തര റൺവേ ഉള്ളതിനാൽ ഒരു ദിവസം കുറഞ്ഞത് 20 ഫ്ളൈറ്റുകൾക്കുവരെ സർവീസ് നടത്താനാവും. ലാൻഡ് ചെയ്യാൻ വിമാനങ്ങൾക്ക് കാത്തിരിക്കേണ്ടതായി വരില്ല. അതിനാൽ തന്നെ വളരെയധികം ഇന്ധനം ലാഭിക്കാനാവും. ഒരുസമയത്ത് തന്നെ അനേകം ഫ്ളൈറ്റുകൾക്ക് സ്ളോട്ട് നൽകാനാവും. എന്നാൽ ട്രാഫിക് കാരണം ഒട്ടുമിക്ക വിമാനത്താവളങ്ങൾക്കും ഇത് സാധിക്കാറില്ല'- എഫ് ഐ എ വൃത്തങ്ങൾ പറയുന്നു.
രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിൽ ഇല്ലാത്ത സൗകര്യങ്ങൾ എഫ് ഐ എയിൽ ലഭ്യമാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ഫുജൈറ വിമാനത്താവളത്തിലെത്തുന്ന ഒരു യാത്രക്കാരന് ലാൻഡ് ചെയ്യാനും ഇമിഗ്രേഷൻ പൂർത്തിയാക്കാനും ബാഗേജുകൾ ശേഖരിക്കാനും 15 മിനിറ്റിനുള്ളിൽ വിമാനത്താവളത്തിന് പുറത്ത് പോകാനും കഴിയും. കൂടാതെ, യാത്രക്കാർക്ക് ഗേറ്റ് തേടി വളരെ ദൂരം നടക്കേണ്ടതായി വരില്ല. ഇത് ഒരു ചെറിയ വിമാനത്താവളമാണ്, മാത്രമല്ല അവർക്ക് എല്ലാ ഗേറ്റുകളും ഒരിടത്ത് നിന്നുതന്നെ കാണാൻ സാധിക്കുമെന്നും അധികൃതർ പറയുന്നു.
എഫ് ഐ എയിൽ സൗജന്യ പാർക്കിംഗ് ലഭ്യമാണെന്ന് മാർക്ക് ഗോവെൻഡർ പറഞ്ഞു. ദുബായിലെ പ്രധാന നഗരങ്ങളിൽ നിന്ന് ഏകദേശം ഒരു മണിക്കൂറിനുള്ളിൽതന്നെ എഫ് ഐ എയിൽ എത്താൻ സാധിക്കുമെന്നതിനാൽ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് മികച്ച ബദലായിരിക്കും എഫ് ഐ എ എന്നും ഗോവെൻഡർ കൂട്ടിച്ചേർക്കുന്നു.