mundu

പതിവായി മുണ്ടും, പാവാടയും ജീൻസുമൊക്കെ ധരിക്കുന്നവർക്ക് കാൻസർ വരാനുള്ള സാദ്ധ്യത കൂടുതലാണോ? ഇത് ഏറക്കുറെ ശരിയാണെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ് . ഇറുകിയ വസ്ത്രങ്ങൾ കൂടുതൽ സമയം ധരിക്കുന്നതാണ് പ്രശ്നമാകുന്നത്. ഇത്തരം വസ്ത്രങ്ങൾ ധരിക്കുമ്പോൾ വസ്ത്രങ്ങളും ശരീരഭാഗവും തമ്മിൽ ഉരസൽ (ഘർഷണം) ഉണ്ടാവുകയും അത് സ്ക്വാഡ് സെൽ കാർസിനോമ എന്ന ചർമാർബുദത്തിലേക്ക് എത്തിക്കുകയും ചെയ്യും എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. സാരിയുടുക്കുമ്പോൾ അടിയിൽ പാവാട മുറുക്കിക്കെട്ടുന്നതും താറുടുക്കുന്നതുമെല്ലാം ഇതിലേക്ക് നയിച്ചേക്കാമെന്നും ഡോക്ടർമാർ പറയുന്നു.

ചൊറിച്ചിൽ ലക്ഷണം

മുണ്ടും പാവാടയും പോലുള്ള ഇറുകിയ വസ്ത്രങ്ങൾ നിരന്തരം ധരിക്കുന്നതുമൂലം അരയിലെ ചർമ്മത്തിൽ അസ്വസ്ഥത ഉണ്ടാവും. ഇത് കാര്യമാക്കാതെ വീണ്ടും ധരിക്കുന്നതോടെ ആ ഭാഗത്തെ ചർമ്മത്തിൽ ചെറിയ കുരുക്കളും ചൊറിച്ചിലുമൊക്കെ കാണാനാവും. ചൊറിച്ചിൽ കാര്യമാക്കാതെ മുന്നോട്ടുപോകുന്നതാണ് അർബുദത്തിലേക്ക് നയിക്കുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. 1954ലാണ് 'ധോത്തി കാൻസർ' എന്ന പ്രയോഗം തുടങ്ങിയത്. ഇതൊക്കെ പഴയകാലത്തെ കാര്യങ്ങളല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ. 2011 ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ ഇത്തരത്തിലുള്ള രണ്ട് കേസുകളാണ് റിപ്പോർട്ടുചെയ്തിട്ടുള്ളത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതി വ്യക്തമല്ല.

ചൂട് പ്രധാന വില്ലൻ

കട്ടികൂടിയ വസ്ത്രങ്ങൾ നിരന്തം ധരിക്കുമ്പോൾ ചർമ്മത്തിൽ ചൊറിച്ചിലും നിറവ്യത്യാസവും ഉണ്ടാകുമെന്ന് നേരത്തേ പറഞ്ഞല്ലോ. ചൂടുള്ള കാലാവസ്ഥകൂടിയാകുമ്പോൾ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലാവും. വിയർപ്പിന്റെ ഈർപ്പവും, അന്തരീക്ഷത്തിലെ പൊടിയും കൂടിയാകുമ്പോൾ തൊലിപ്പുറത്തെ പ്രശ്നങ്ങൾ കൂടും. ഇത് സ്ക്വാഡ് സെൽ കാർസിനോമയിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിക്കും.

മാർദവമുള്ളതും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിച്ചാൽ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും. ഒപ്പം ആ ഭാഗം എപ്പോഴും വൃത്തിയായി വയ്ക്കാനും ക്രീമുകൾ പുരട്ടാനും ശ്രമിക്കണം. നിറവ്യത്യാസമോ, കുരുക്കളോ, ചെറിയ കീറൽപോലുളള മുറിവുകളോ കണ്ടാൽ കുറച്ചുനാളത്തേക്കെങ്കിലും ഇറുകിക്കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കരുത്. മാത്രമല്ല ഡോക്ടറുടെ സേവനവും തേടേണ്ടതാണ്. ഇറുകിയ ജീൻസ് തിരഞ്ഞെടുക്കുന്നതും ഒഴിവാക്കുക. ബെൽറ്റ് മുറുക്കിക്കെട്ടുന്നതും വേണ്ട.

ഡോക്ടർമാർ പറയുന്നത്

ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ക്യാൻസറിനെ സ്ക്വാമസ് സെൽ കാർസിനോമ എന്നാണ് വിളിക്കുന്നതെന്ന് ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി ലീഡ് കൺസൾട്ടന്റ് ഡോ എൻ സ്വപ്ന ലുല്ല പറയുന്നത്. .

'സാരി കാൻസർ എന്ന് അറിയപ്പെടുന്ന സ്ക്വാമസ് സെൽ കാർസിനോമ അരക്കെട്ടിൽ നിന്തരമായ ഘർഷണം കൊണ്ടുണ്ടാകുന്ന ഒരു തരം ത്വക്ക് ക്യാൻസറാണ്.ഇറുകിയ സാരി, മുണ്ട്, പാവാട, പെറ്റിക്കോട്ട്, ജീൻസ് എന്നിവ അപകടസാദ്ധ്യത വർദ്ധിപ്പിക്കും' സപ്‌ന ലുല്ല പറഞ്ഞു

രാത്രിയിൽ മോയിസ്ചറൈസിംഗ് ക്രീമുകൾ അരക്കെട്ടിൽ ഇടുന്നതിലൂടെ പ്രശ്നങ്ങൾ ഒരുപരിധിവരെ ഒഴിവാക്കാനാവും എന്നാണ് സ്പർഷ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. നടരാജ് നായിഡു പറയുന്നത്. ഇന്ത്യക്കാരുടെ പ്രിയ വസ്ത്രങ്ങളുടെ പേരുള്ളതുകാെണ്ട് പേടിക്കേണ്ടെന്നും ഇത് അപൂർവമായ ഒരു ചർമ്മ കാൻസാറാണെന്നും അദ്ദേഹം പറഞ്ഞു.

സാരി കാൻസറെന്നാണ് പേരെങ്കിലും സാരിയെക്കാൾ പ്രശ്നക്കാരൻ അതിന് അടിയിൽ ഉടുക്കുന്ന പാവാടയാണെന്നാണ് റെയിൻബോ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി കൺസൾട്ടന്റ് ഡോ.ത്രിവേണി അരുൺ പറയുന്നത്.

'ദിവസവും സാരി ഉടുക്കുന്നവർ ഒരേ സ്ഥലത്താണ് അടിപ്പാവാട മുറുക്കിക്കെട്ടുന്നത്. ഇങ്ങനെ ചെയ്യുന്നത് ത്വക്കിൽ വീക്കങ്ങൾ ഉൾപ്പടെ ഉണ്ടാവാൻ ഇടയാക്കും. വിട്ടുമാറാത്ത വീക്കം ഒടുവിൽ വ്രണത്തിലേക്ക് നയിക്കുകയും പിന്നീട് മാരകമായി മാറുകയും ചെയ്യുന്നു. മിക്ക സ്ത്രീകളും ഇത് ഗുരുതരമാകുന്നതുവരെ ശ്രദ്ധിക്കാറില്ല'. ഡോ.ത്രിവേണി അരുൺ പറഞ്ഞു.