ബാങ്കോക്ക്: മൂക്ക് വേദനയുമായി ആശുപത്രിയിലെത്തിയ 59കാരിയുടെ മൂക്കിൽ നിന്ന് നൂറുകണക്കിന് വിരകളെ പുറത്തെടുത്തു. തായ്‌ലൻഡിലെ ചിയാംഗ് മായിലാണ് സംഭവം. ഒരാഴ്ചയായി സ്ത്രീക്ക് മുക്കിലും മുഖത്തും വേദന അനുഭവപ്പെട്ടിരുന്നു. എന്നാൽ അലർജിയാണെന്ന് കരുതി അവർ ചികിത്സ തേടിയിരുന്നില്ല. പിന്നാലെ മുക്കിൽ നിന്ന് രക്തം വരാൻ തുടങ്ങിയപ്പോഴാണ് നാക്കോൺപിംഗ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്.
അവിടെ ഡോക്ടർ പടീമോൻ തനാചെെഖൻ സ്ത്രീയുടെ എക്‌സറേ എടുത്ത് പരിശോധിച്ചപ്പോഴാണ് നൂറുകണക്കിന് വിരകളെ കണ്ടെത്തിയത്. വിരകളെ കണ്ടതോടെ വിശദമായ എൻഡോസ്കോപ്പി എടുത്ത് വിരകൾ മുക്കിനുള്ളിൽ ഉണ്ടെന്ന് ഉറപ്പാക്കി. ശേഷം അവയെ നീക്കം ചെയ്തു. ഇതോടെ വേദന മാറി സ്ത്രീയുടെ അവസ്ഥ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇത്തരം വിരകൾ കണ്ണിലോ തലച്ചോറിലോ മറ്റ് അവയവങ്ങളിലേക്കോ കുടിയേറിയിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു.
ചിയാംഗ് മായ പോലുള്ള തായ്‌ലൻഡിന്റെ വടക്കൻ പ്രദേശങ്ങളിലെ ആളുകൾക്ക് അലർജി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് സാദ്ധ്യത കൂടുതലാണ്. ഇത് ഇത്തരം അനുബാധകളുടെ സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ചിത്രങ്ങളും വിവരവും നകോൺപിംഗ് ഹോസ്പിറ്റൽ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
2022ലും ഇതുപോലെ സമാനമായ സംഭവം നടന്നിരുന്നു. 64കാരനിൽ നിന്ന് മാംസം തിന്നുന്ന പുഴുക്കളെ കണ്ടെത്തിയിരുന്നു. ചെവിവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. വിശദ പരിശോധനയിൽ ചെവിക്കുള്ളിൽ നിന്ന് മാംസം കഴിക്കുന്ന പുഴുക്കളെ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു.