പട്ടാമ്പിക്കടുത്ത് നടുവട്ടത്തുനിന്ന് ആരംഭിച്ച ഈ സിനിമായാത്ര പതിനഞ്ച് വയസ് എത്തി. സിനിമയെ അനുമോൾ വേർതിരിക്കാറില്ല. കലാമൂല്യം എന്ന വിശേഷണത്തിൽപ്പെടുന്ന സിനിമയിൽ സാരി വേഷത്തിൽ അമ്മയായോ, ഭാര്യയായോ, ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീയായോ അനുമോൾ പ്രത്യക്ഷപ്പെടുന്നതാണ് കീഴ്വഴ ക്കം. അനുമോളുടെ ഇമേജിനെ തമിഴ് വെബ് സീരിസ് ഹാർട്ട് ബീറ്റ് പുതുവർഷത്തിൽ ഉടച്ചുകളഞ്ഞു. കരിം സംവിധാനം ചെയ്ത ആരോ എന്ന ചിത്രത്തിൽ ജോജു ജോർജ്, കിച്ചു ടെല്ലസ് എന്നിവരോടൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് അനുമോൾ പ്രേക്ഷകർക്ക് മുൻപിൽ.
ആരോ എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലോകം ?
തൃശൂർ വടക്കുനാഥ ക്ഷേത്രത്തിനു മുൻപിൽ പൂ കച്ചവടം ചെയ്യുന്ന താമര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. താമരയ്ക്ക് ഒരു മകനുണ്ട്. ആ മകന്റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങൾ. ഒപ്പം താമരയുടെ ജീവിതവും മാറുന്നു. തേക്കിൻകാട് മൈതാനത്ത് പലതരം ആളുകൾ. അവരുടെ ജീവിതമാണ് ആരോ. കുടുംബബന്ധത്തിനൊപ്പം കുറ്റാന്വേഷണവുമുണ്ട്. കുറ്രം ചെയ്തവർ,ഇര, പൊലീസ്, സാക്ഷി എല്ലാവരും ചേരുന്നു. കുറെ സാധാരണ മനുഷ്യരുടെ ജീവിതം പറയുന്ന ചിത്രം.
സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് മാറ്റി നിർത്തപ്പെട്ടവരും വെല്ലുവിളി നേരിടുന്നവരുമാണല്ലോ മിക്കപ്പോഴും കഥാപാത്രങ്ങൾ?
വെല്ലുവിളി നേരിടുന്ന കഥാപാത്രങ്ങൾ ആണ് കൂടുതലും ചെയ്തതെന്ന് അറിയാം. സത്യം പറഞ്ഞാൽ പാർശ്വവത്കരിക്കപ്പെടുന്നവരാണ് എന്റെ കഥാപാത്രങ്ങളിൽ കൂടുതൽ പേരുമെന്ന് ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. എന്റെ ലോകം വലുതായത് സിനിമ കണ്ടും പുസ്തകം വായിച്ചും എഴുത്തുകാരുടെ സംസാരവും കഥയും കേട്ടാണ്. ഒരാൾക്ക് അവരുടെ ലോകം മാത്രമല്ല, കാഴ്ചയും സ്വപ്നവും വലുതാക്കാനും ഉപകാരപ്പെടുന്ന ഇടമാണ് എന്റെ വീക്ഷണത്തിൽ സിനിമ. അതേസമയം നമ്മളെ ആസ്വദിപ്പിക്കാനും കഴിയുന്നു. എല്ലാതരം സിനിമയും ഉണ്ടാവണമെന്നാണ് ആഗ്രഹം. എന്നാൽ ഞാൻ ചെയ്യുന്ന സമയത്ത് കുറച്ചു ആളുകൾക്കു വേണ്ടി അത് സംസാരിക്കുകയോ അല്ലെങ്കിൽ ഈ കൂട്ടം ആളുകളെപ്പറ്റി ചിന്തിക്കുകയോ ഇങ്ങനെയും ആളുകൾ ജീവിക്കുന്നുണ്ടെന്ന് കാണിച്ചു കൊടുക്കാൻ കഴിയുകയോ ചെയ്യുന്നത് നല്ലതു തന്നെയാണെന്ന് കരുതുന്നു. ഞാൻ എന്ന വ്യക്തി എപ്പോഴും ആളുകളോട് കരുതൽ കാണിക്കണമെന്ന് ചിന്തിക്കാറുണ്ട്. ആ കരുതലിന്റെ ഭാഗമായിരിക്കും എനിക്ക് ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുന്നത്. ഞാൻ കാണുന്ന സിനിമാരീതി അങ്ങനെയായതുകൊണ്ടും ആകാം.
ആഘോഷ സിനിമകൾ ഇപ്പോേഴും അകലം പാലിക്കുന്നു ?
അതേ എന്നു തോന്നുന്നു. എന്നാൽ അങ്ങനെ ഒരു വേർതിരിവ് കാണാത്ത ആളാണ് ഞാൻ. തമിഴിൽ സിനിമ ചെയ്യുമ്പോൾ മലയാളത്തിൽ ആ വേർതിരിവ് എന്നോട് കാണിക്കുന്നുണ്ടെന്ന് തോന്നാറുണ്ട്.
അഭിനയ യാത്ര സാവധാനമെന്ന് കരുതുന്നുണ്ടോ ?
അതിൽ വിഷമമില്ല. യാത്ര സാവധാനമാകുന്നത് സിനിമ പതിയെ ചെയ്യുന്നതുകൊണ്ടായിരിക്കാം. അഭിനയിച്ച എല്ലാ സിനിമകൾക്കും ഞാൻ അതിന്റെ ഭാഗമായതിന് വ്യക്തമായ കാരണമുണ്ട്. തൊണ്ണൂറു ശതമാനം സിനിമയുടെയും കഥാപാത്രം ഇഷ്ടപ്പെട്ട് ചെയ്തതാണ്. പത്തു ശതമാനം സിനിമകൾ ഭക്ഷണം വാങ്ങാനും കാറിന് പെട്രോൾ അടിക്കാനും വേണ്ടി ചെയ്തു. അതിലും ഞാൻ ഭേദപ്പെട്ട സിനിമകൾ തന്നെയാണ് ചെയ്തത്. യാത്ര സാവധാനമായതുകൊണ്ടാണോ എന്ന് അറിയില്ല, പതിനഞ്ചു വർഷമായിട്ടും സിനിമ ചെയ്യാൻ കഴിയുന്നത് വലിയ ഭാഗ്യമായാണ് കരുതുന്നത്. സിനിമയിൽ തന്നെ തുടരാൻ കഴിയുന്നത് ഈ യാത്ര സാവധാനമായതുകൊണ്ടാവും.
ഗ്രാമീണ ഇമേജ് മാറ്റി എടുക്കാൻ ഹാർട്ട് ബീറ്റ് സഹായിച്ചോ ?
പൊതുവേ, സിനിമയിൽ എനിക്ക് ഗ്രാമീണ ഇമേജാണ്. ഗ്രാമത്തിൽ നിന്നു വരുന്നതുകൊണ്ടും എന്റെ സിനിമയും ചിന്തയും അങ്ങനെയായതും കൊണ്ടുമായിരിക്കും. ഹാർട്ട് ബീറ്ര് കമ്മിറ്റ് ചെയ്തതു വളരെ മോഡേണായ ഡോ. രാധി എന്ന കഥാപാത്രം കണ്ടാണ്. അത്തരം കഥാപാത്രം മുൻപ് ചെയ്തിട്ടില്ല. മക്കൾക്കുവേണ്ടി പോരാടുന്ന അവർക്കുവേണ്ടി ജീവിക്കുന്ന കഥാപാത്രങ്ങളാണ് ചെയ്തത്. മക്കളും കുടുംബവും കൂടെയുണ്ടെങ്കിലും കരിയർ മാത്രം ശ്രദ്ധിക്കുന്ന ആളാണ് രാധി. കുട്ടികളുടെ ഫാൻസിനെ കാണാൻ കഴിയുന്നു എന്നതാണ് ഹാർട്ട് ബീറ്റ് നൽകിയ ഏറ്റവും വലിയ സന്തോഷം. എന്നെ കാണുമ്പോൾ കുട്ടികളുടെ മുഖത്തു കാണുന്ന പ്രകാശം സന്തോഷം തരുന്നു. തമിഴ് നാട്ടിൽ അയലി നന്നായി പോയെങ്കിലും ഹാർട്ട് ബീറ്റ് കുട്ടികളിലേക്കും ടീനേജുകാരിലേക്കും എത്തി.
സ്ത്രീ കേന്ദ്രീകൃത സിനിമകൾ ആ വിലാസത്തിൽ നിലകൊള്ളുന്നുണ്ടോ?
അതു പരിശോധിക്കേണ്ടതാണ്. ഞാൻ അഭിനയിച്ച പദ്മിനി, റാണി, ഉടലാഴം എന്നീ ചിത്രങ്ങളെ സ്ത്രീ കേന്ദ്രീകൃത സിനിമ എന്നു വിളിക്കാൻ കഴിയുമോ എന്ന് അറിയില്ല. ഒരുപാട് സ്ത്രീകൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതും അവർ മുഖ്യവേഷത്തിൽ എത്തുന്ന സിനിമ സ്ത്രീ കേന്ദ്രീകൃതം എന്ന് എനിക്കു തോന്നാറില്ല. പദ്മിനിയെ വേണമെങ്കിൽ സ്ത്രീ കേന്ദ്രീകൃത സിനിമ എന്നു വിളിക്കാം. റാണിയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിട്ടും ഒരു പുരുഷന്റെ മരണമാണ് ആ സിനിമ അന്വേഷിക്കുന്നത്. എന്നാൽ സ്ത്രീ കഥാപാത്രങ്ങൾക്ക് ഗംഭീര പ്രകടനം നടത്താൻ സ്പേസ് ഉണ്ടായിരുന്നു. സ്ത്രീ ആവണമെന്ന് ആഗ്രഹിക്കുന്ന ഒരു പുരുഷനും അയാളുടെ ഉള്ളിലെ സംഘർഷങ്ങളുമാണ് ഉടലാഴത്തിന്റെ പ്രമേയം. സ്ത്രീ കേന്ദ്രീകൃത സിനിമ എന്നു വിളിക്കുകയും ആണിനെ കേന്ദ്രമാക്കി കഥ പറയുകയും ചെയ്യുന്നതാണ് കണ്ടു വരുന്നത്. കെ.ജി. ജോർജ് സാറിന്റെ മറ്റൊരാൾ ആണ് എന്റെ പ്രിയപ്പെട്ട സ്ത്രീപക്ഷ സിനിമ.