sidharth-

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ ഡൽഹി എയിംസിൽ നിന്ന് വിദ​ഗ്ധോപദേശം തേടി. സിദ്ധാർത്ഥിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോ‌ർട്ടം, ഫോറൻസിക് സർജന്റെ റിപ്പോർട്ട്, ഡെമ്മി പരീക്ഷണം നടത്തിയ റിപ്പോർട്ട് എന്നിവ എയിംസിലേക്ക് അയച്ചിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ വിദ്യാർത്ഥിയുടെ മരണകാരണമെന്നതിൽ വ്യക്തത വരുത്തുന്നതിനാണ് സിബിഐ എയിംസിനെ സമീപിച്ചിരിക്കുന്നത്. ഇതിനായി ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ പ്രാഥമിക കുറ്റപത്രം സിബിഐ നേരത്തെ ഹെെക്കോടതിയിൽ ഹാജരാക്കിയിരുന്നു. സിദ്ധാർത്ഥിന്റെ ആത്മഹത്യ നടന്ന കുളിമുറിയുടെ വാതിൽ പൊട്ടിയ നിലയിലും പൂട്ട് ഇളകിയ നിലയിലുമായിരുന്നതായി സിബിഐ വ്യക്തമാക്കി. സിദ്ധാർത്ഥിനെ പ്രതികൾ ആൾക്കൂട്ട വിചാരണ നടത്തിയെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. രണ്ട് ദിവസം നഗ്നനാക്കി മർദ്ദിച്ചു. കുറ്റം സമ്മതിക്കാൻ നിർബന്ധിച്ചായിരുന്നു മർദ്ദനം. സിദ്ധാർത്ഥിന് അടിയന്തര വെെദ്യ സഹായം നൽകിയില്ലെന്ന് സിബിഐ കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്.

കേസിൽ പ്രതികളുടെ ജാമ്യഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. പ്രതികളായ അരുൺ കേളോത്ത്, എസ്.ഡി. ആകാശ്, ബിൽഗേറ്റ് ജോഷ്വ, വി. നസീഫ്, റെഹാൻ ബിനോയ്, ആസിഫ് ഖാൻ, അൽത്താഫ് എന്നിവരുടെ ഹർജിയാണ് പരിഗണിക്കുന്നത്. റാഗിംഗിന്റെ പേരിലുള്ള ക്രൂരമർദ്ദനം, ആത്മഹത്യാ പ്രേരണ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.