woman-

ജീവിത്തിൽ തീരെ പ്രതീക്ഷിക്കാത്ത ഒരു മാറ്റം സംഭവിച്ചാൽ നിങ്ങൾ എന്ത് ചെയ്യും. സ്ത്രീയായി ജീവിച്ച നിങ്ങൾ പെട്ടെന്ന് പുരുഷനാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ഉൾക്കൊള്ളൻ കഴിയുമോ?​ എന്നാൽ അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചെെനയിലെ ഒരു 27കാരിയാണ് ഇത് നേരിട്ടത്. അവർ 27വർഷത്തോളം ഒരു സ്ത്രീയായിട്ടാണ് ജീവിച്ചത്. എന്നാൽ വിവാഹത്തിന് തൊട്ടുമുൻപാണ് ഇവർ ജീവശാസ്ത്രപരമായി ഒരു പുരുഷനാണെന്ന് കണ്ടെത്തുന്നത്.

മദ്ധ്യ ചെെനയിലെ ഹുബെയ് പ്രവിശ്യയിലാണ് സംഭവം. വിവാഹത്തിന് മുൻപ് നടത്തിയ ഒരു പരിശോധനയിലാണ് യുവതിയുടെ വയറ്റിനുള്ളിൽ പുരുഷ ലെെംഗികാവയവമായ രണ്ട് വൃഷണങ്ങൾ കണ്ടെത്തിയത്. ഇതോടെ താൻ സ്ത്രീയല്ല പുരുഷനാണെന്ന് യുവതി തിരിച്ചറിഞ്ഞെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. പ്രായപൂർത്തിയായ നാളുകൾ മുതൽ ആർത്തവും സ്തനവളർച്ചയും വെെകുന്നതിനെക്കുറിച്ച് യുവതി ആശങ്കാകുലയായിരുന്നു.

18-ാംവയസിൽ ഇത് സംബന്ധിച്ച് യുവതി ആശുപത്രിയിൽ പോയിരുന്നു. ആദ്യഘട്ട പരിശോധനയിൽ ഹോർമോൺ വ്യതിയാനവും അണ്ഡാശയ വളർച്ചയില്ലാത്തതും കണ്ടെത്തി. എന്നാൽ ഇതിന്റെ കാരണങ്ങൾ എന്താണെന്ന് മനസിലാക്കാൻ കഴിയാത്തതിനെ തുടർന്ന് ഡോക്ടർമാർ യുവതിയോട് ക്രോമസോം പരിശോധനയ്ക്ക് വിധേയയാകാൻ ആവശ്യപ്പെട്ടു. എന്നാൽ യുവതി അക്കാലത്ത് ഇത് അത്ര കാര്യമായി എടുത്തില്ല. അടുത്തിടെയാണ് വിശദ പരിശോധന നടത്താൻ യുവതി തയ്യാറായത്.

ഡുവാൻ ജി എന്ന ഒരു മുതിർന്ന ഗെെനക്കോളജിസ്റ്റിനടുത്താണ് യുവതി പരിശോധനയ്ക്ക് പോയത്. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിക്ക് കൺജെനിറ്റൽ അഡ്രീനൽ ഹൈപ്പർപ്ലാസിയ (സിഎഎച്ച്) എന്ന അപൂർവ രോഗമുള്ളതായി കണ്ടെത്തി. വിശദ പരിശോധന കഴിഞ്ഞ് ഒരു മാസത്തിന് ശേഷം പരിശോധനാ ഫലം വന്നപ്പോൾ അതിൽ യുവതി ഒരു പുരുഷനാണെന്നാണ് പറഞ്ഞിരുന്നത്. അതായത് പുരുഷ ലെെംഗിക ഹോർമോണുകൾ വഹിച്ചുവെങ്കിലും സ്ത്രീയുടെ രൂപമായിരുന്നു.

സാമൂഹികമായി അവ‌ർ ഒരു സ്ത്രീയാണെങ്കിലും ക്രോമസാമിന്റെ അടിസ്ഥാനത്തിൽ അവൾ ഒരു പുരുഷനാണെന്ന് ഡോക്ടർ ഡുവാൻ ജി പറഞ്ഞു. 50,000ത്തിൽ ഒരാൾക്ക് മാത്രമേ ഈ രോഗം കണ്ടെത്താറുള്ളുവെന്നാണ് റിപ്പോർട്ട്. യുവതിയുടെ മാതാപിതാക്കൾക്കും ഇത്തരത്തിലുള്ള ജീനുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. യുവതിക്ക് വിറ്റാമിൻ ഡിയുടെ കുറവും ഓസ്റ്റിയോ പൊറോസിസും കണ്ടെത്തി. കഴിഞ്ഞ ഏപ്രിലിൽ യുവതിയുടെ വയറ്റിൽ നിന്ന് വൃക്ഷണങ്ങൾ നീക്കം ചെയ്തെന്നും റിപ്പോർട്ടുണ്ട്.