gun

കൊച്ചി: തനിക്ക് തോക്കും തിരകളും മറ്റും നൽകിയത് കുപ്രസിദ്ധ ഗുണ്ടാത്തലവൻ പെരുമ്പാവൂർ അനസെന്ന് ഭീകരവിരുദ്ധസേനയുടെ (എ.ടി.എസ്) പിടിയിലായ താടി റിയാസ്. പൊലീസിന്റെ ചോദ്യംചെയ്യലിലായിരുന്നു വെളിപ്പെടുത്തൽ. രണ്ടുവർഷം മുമ്പാണ് തോക്കുകൾ ഏറ്റുവാങ്ങിയത്. ഇതുവരെ ഉപയോഗിച്ചിട്ടില്ല. അനസിന് എവിടെനിന്നാണ് തോക്കുകൾ കിട്ടിയതെന്ന് അറിയില്ല. ഇതേക്കുറിച്ച് ചോദിച്ചിരുന്നില്ല. വിവിധയിടങ്ങളിൽനിന്ന് കിട്ടിയതാകുമെന്നാണ് റിയാസിന്റെ മൊഴി. ആലുവ മാഞ്ഞാലിയിലെ റിയാസിന്റെ വീട്ടിൽനിന്ന് രണ്ട് റിവോൾവർ, രണ്ട് പിസ്റ്റൾ, 25 തിരകൾ, രണ്ട് കത്തി, 8.83ലക്ഷംരൂപ എന്നിവയാണ് റെയ്ഡിൽ പിടിച്ചെടുത്തത്.

കഴിഞ്ഞദിവസമാണ് പെരുമ്പാവൂർ അനസിന്റെ ബന്ധുക്കളുടെയും കൂട്ടാളികളുടെയും വീടുകളിൽ എ.ടി.എസ് പരിശോധന നടത്തിയത്. മാട്ടുപുറം മാവിൻചുവട് മുബാറക്ക് വധക്കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ അനസിന്റെ മൊഴി മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇയാൾ അനസുമായി തെറ്റിപ്പിരിഞ്ഞതായാണ് വിവരം. അനസിനെ കുടുക്കാനുള്ള ശ്രമവും സംശയിക്കുന്നുണ്ട്. അനസിന്റെ മറ്റൊരു കൂട്ടാളിയും കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസ് പ്രതിയുമായ എളമക്കര താന്നിക്കൽ നെല്ലിക്കാപ്പള്ളി അൽത്താഫ്, അനസുമായി ബന്ധമുള്ള മറ്റൊരാൾ താമസിച്ചിരുന്ന തമിഴ്‌നാട് ആനമലയിലെ വീടുകളിലായിരുന്നു റെയ്ഡ്. അൽത്താഫിന്റെ വീട്ടിൽനിന്ന് റിവോൾവർ സൂക്ഷിക്കുന്ന ഉറയും കൈവിലങ്ങും എയർപിസ്റ്റളിൽ ഉപയോഗിക്കുന്ന ഒരുപെട്ടി പെല്ലറ്റുമാണ് പിടിച്ചെടുത്തത്.

തമിഴ്‌നാട്ടിലെ പരിശോധനയിൽ വടിവാൾ കണ്ടെടുത്തു. ഇയാൾ നിലവിൽ താമസിക്കുന്ന ഗുരുവായൂരിലെ ഫ്ളാറ്റ്, സംഘത്തിലെ മറ്റൊരംഗം നിസാറിന്റെ മഞ്ചേരിയിലെ വീട്, നിസാർ ജോലിചെയ്യുന്ന ഇടുക്കി രാജാക്കാട്ടെ റിസോർട്ട്, ഇയാളുടെ സുഹൃത്തിന്റെ തമിഴ്‌നാട് മേട്ടുപ്പാളയത്തെ വീട് എന്നിവിടങ്ങളിലും പരിശോധന നടത്തി. വയനാട് കല്പറ്റയിൽ അനസും കൂട്ടാളികളും താമസിച്ചിരുന്ന റിസോർട്ടിന്റെ പിൻഭാഗത്ത് തോക്കുകൾ കുഴിച്ചിട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്പറ്റ പൊലീസും ഭീകരവിരുദ്ധസ്‌ക്വാഡും പരിശോധന നടത്തിയിരുന്നു. കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല.ആയുധനിയമപ്രകാരം അറസ്റ്റുചെയ്ത് താടി റിയാസുമായി തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു. എട്ടുവർഷംമുമ്പ് റിയാസിന്റെ വീട്ടിൽനിന്ന് പൊലീസ് മാരകായുധങ്ങൾ പിടികൂടിയിരുന്നു.