ന്യൂഡൽഹി: ദക്ഷിണേന്ത്യക്കാരെ ആഫ്രിക്കക്കാരെപ്പോലെയെന്ന് പരാമർശിച്ച് വിവാദത്തിൽ പെട്ട് കോൺഗ്രസ് നേതാവായ സാം പിത്രോഡ. ദി സ്‌റ്റേറ്റ്‌സ്‌മാൻ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പിത്രോഡ പറഞ്ഞത്. 'ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ളവർ ചൈനക്കാരെ പോലെയാണ്, പടിഞ്ഞാറുള്ളവർ അറബികളെപ്പോലെയും വടക്കുഭാഗത്തുള്ളവർ വെള്ളക്കാരെ പോലെയും ദക്ഷിണേന്ത്യക്കാർആഫ്രിക്കക്കാരെപ്പോയുമാണ്.എന്നിരുന്നാലും ഞങ്ങൾ സഹോദരീസഹോദരന്മാരാണ്.' സാം പിത്രോഡ അഭിപ്രായപ്പെട്ടു.
മാത്രമല്ല 'നമ്മളെല്ലാം വ്യത്യസ്‌ത ഭാഷകളെയും മതങ്ങളെയും ആചാരങ്ങളെയും ഭക്ഷണത്തെയും ബഹുമാനിക്കുന്നവരാണ്. അതിനെ ഞാനും ബഹുമാനിക്കുന്നു. എല്ലാവർക്കും ഇവിടെ ഇടമുണ്ട്, എല്ലാവരും വിട്ടുവീഴ്‌ച ചെയ്യുന്നു. അതാണ് ഞാൻ വിശ്വസിക്കുന്ന ഇന്ത്യ.' സാം പിത്രോഡ പറഞ്ഞു. അതേസമയം സാം പിത്രോഡയുടെ പരാമർശങ്ങൾ കോൺഗ്രസ് തള്ളി. പിത്രോഡയുടെ പരാമർശങ്ങൾ നിർഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണെന്ന് ജയ്‌റാം രമേശ് പറഞ്ഞു.
അതേസമയം സാം പിത്രോഡയുടെ പരാമർശത്തിൽ പ്രധാനമന്ത്രി മോദി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. വർണത്തിന്റെ പേരിൽ രാജ്യത്തെ നിരവധി ജനങ്ങളെ അപമാനിക്കുന്നതാണ് പിത്രോഡയുടെ പരാമർശമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'എനിക്ക് നേരെ പരാമർശം വന്നാൽ അതെനിക്ക് ക്ഷമിക്കാനാകും. പക്ഷെ എന്റെ ജനങ്ങൾക്ക് നേരെ അത്തരം പരാമർശം അംഗീകരിക്കില്ല. നാമെല്ലാം കൃഷ്‌ണനെ ആരാധിക്കുന്നവരാണ്. ഭരണഘടനയെ ഏറ്റിനടക്കുന്നവർ നിറത്തിന്റെ പേരിൽ ജനങ്ങളെ അപമാനിക്കുകയാണ്. ഇതുകാരണം ഞാൻ ഇന്ന് വളരെ ദേഷ്യത്തിലാണ്.' തെലങ്കാനയിലെ വാറങ്കലിൽ പ്രസംഗിക്കവെ മോദി അഭിപ്രായപ്പെട്ടു.