ഒരാളുടെ കയ്യിൽ കാശുണ്ടോ ഇൻഷുറൻസ് ഉണ്ടോ എന്ന് നോക്കാതെ എല്ലാവർക്കും ഒരുപോലെ ചികിത്സ നൽകുന്ന ബ്രിട്ടനിലെ എൻ എച്ച് എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നാഷണൽ ഹെൽത്ത് സർവീസിനെക്കുറിച്ച് ഒരു നാടകം - നെയ്.
നെയ് ബെവൻ എന്ന ലേബർ പാർട്ടി മന്ത്രിയുടെ സ്വപ്നവും സാക്ഷാത്കാരവും ആയിരുന്നു എൻ എച്ച് എസ്. ഒരു കൽക്കരി ഖനി തൊഴിലാളി ആയി പതിമൂന്നാം വയസിൽ ജോലി തുടങ്ങി, അവിടെ നിന്നും പഠിച്ച് എംപി ആയി, മന്ത്രി ആയി, എല്ലാവർക്കും സമ്പൂർണ സൗജന്യ ചികിത്സാ സംവിധാനം ഒരുക്കിയ നെയ് ബെവന്റെ കഥയാണ് ലണ്ടനിൽ ഇപ്പോൾ നിറഞ്ഞ സദസുകൾക്ക് മുന്നിൽ ഓടുന്ന "നെയ്" എന്ന നാടകം.
78 വർഷമായി ഈ സൗജന്യ ചികിത്സാ രീതി ലണ്ടനിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ബെവന്റെയും എൻ എച്ച് എസിന്റെയും ആഘോഷമാണി "നെയ്" എന്ന നാടകം. ലോക നാടകവേദിയുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാറുള്ള ലണ്ടനിൽ ഈ നാടകം വൻ വിജയമായിരുന്നു. 1200 പേർക്കിരിക്കാവുന്ന നാഷണൽ തിയേറ്ററിലെ രണ്ടര മാസം നീണ്ടു നിന്ന അവതരണങ്ങളിൽ സീറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റു പോയി. ഇനി ഈ നാടകം വെയിൽസിലേക്ക് പോകും.