z

കൊല്ലം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് കോളേജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗവും സംയുക്തമായി അഷ്ടമുടിക്കായൽ സംരക്ഷണ സർവേയും പരിശീലനവും സംഘടിപ്പിച്ചു. ലോക തണ്ണീർത്തട ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ കോളേജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലെ ഡിപ്ലോമ, ബി.ടെക്, എം.ടെക്, വിദ്യാർത്ഥികളും കോളേജ് എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികളും പങ്കെടുത്തു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനിയർ റെയ്ച്ചൽ തോമസ്, അസിസ്റ്റന്റ് എൻജിനിയർ ശരണ്യ മോഹൻ, ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് സായൂജ് എന്നിവർ ക്ലാസുകൾ നയിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ ജെ.ജിതാദാസ്, ലക്ഷ്മി സത്യൻ, ലാവണ്യ, എൻ.സൽമ എന്നിവർ സംസാരിച്ചു. യു.കെ.എഫ് സിവിൽ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.പി.ജി.റെജിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അഷ്ടമുടി കായലിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മണിച്ചിതോട്, കൊല്ലം തോട് പരിസര പ്രദേശങ്ങളിലായി മലിനീകരണ സ്രോതസുകളുടെ സർവേയും അനുബന്ധമായി നടന്നു.