manmohan-chandy

ദേശീയപാതയുമായി ബന്ധപ്പെട്ട് മൻമോഹൻ സ‌ർക്കാരിന്റെ കാലത്തെ അനുഭവം പങ്കുവച്ച് മുൻ കേന്ദ്രമന്ത്രിയും, ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ പ്രൊഫസർ കെ.വി തോമസ്. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനും, പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയും പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തെ കുറിച്ചായിരുന്നു കെ.വി തോമസ് പറയുന്നത്.

''കേരളത്തിൽ ദേശീയപാത വരുന്നത് 45 മീറ്റർ വീതിയിലാണ്. എന്നാൽ ഒരു സംഭവം എന്റെ മനസിലുണ്ട്. മൻമോഹൻ സിംഗ് അന്ന് പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗമാണ് ഞാൻ. അദ്ദേഹത്തിന് മുന്നിൽ കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദൻ, ഉമ്മൻചാണ്ടി എന്നിവരുൾപ്പെട്ട സംഘമെത്തി. ഒരു മെമ്മോറാണ്ടം കൊടുക്കാനാണ് അവ‌ർ വന്നത്. കേരളത്തിലെ ദേശീയപാതയുടെ വീതി 30 മീറ്റർ ആക്കി കുറയ്‌ക്കണമെന്നതായിരുന്നു ആവശ്യം. ഈ നിവേദനം വാങ്ങിയ മൻമോഹൻസിംഗ് പൊട്ടിച്ചിരിച്ചു. കാരണം, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ 60 മീറ്ററായിരുന്നു ദേശീയ പാതയുടെ വീതി. അവ‌ർ അങ്ങനെ പോകുമ്പോൾ 30 മീറ്ററിൽ ഒതുങ്ങാനാണ് കേരളം തീരുമാനിച്ചത്. ഇന്നിപ്പോൾ 45 മീറ്ററാണ്''-കെ.വി തോമസിന്റെ വാക്കുകൾ.

കോൺഗ്രസ് വിട്ട് സി പി എമ്മുമായി സഹകരിക്കുന്ന തോമസിന് 2023 ജനുവരി 18 നാണ് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്. 2023 ഡിസംബർ 20 -ാം തിയതിയാണ് കെവി തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി പണം അനുവദിച്ചത് അന്ന് വലിയ ചർച്ചയായിരുന്നു. 4 സ്റ്റാഫുകളുടെ ശമ്പളം ഉൾപ്പെടെയാണ് അന്ന് 12.5 ലക്ഷം രൂപ അനുവദിച്ചത്.