s

ബംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ കർണാടക ബി.ജെ.പിയുടെ എക്സ് അക്കൗണ്ടിൽ വിവാദ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയ്ക്കും ഐ.ടി സെൽ ഹെഡ് അമിത് മാളവ്യയ്ക്കും കർണാടക പൊലീസ് സമൻസ് അയച്ചു. സംഭവത്തിൽ ഇരു നേതാക്കളെയും പ്രതിയാക്കി ബംഗളൂരു ഹൈ ഗ്രൗണ്ട്സ് പൊലീസ് കേസെടുത്തു. ഒരാഴ്ചയ്ക്കുള്ളിൽ ഇരുവരും ഹാജരാകണമെന്നാണ് നിർദ്ദേശം.

പട്ടികജാതി/ വർഗ വിഭാഗങ്ങൾക്കുൾപ്പെടെയുള്ള പിന്നാക്കക്കാരുടെ സംവരണം കോൺഗ്രസ് മുസ്ലിങ്ങൾക്ക് മാത്രമായി കൊടുക്കുന്നുയെന്ന് ആരോപിക്കുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തത്. പോസ്റ്റ് നീക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷ്‌ണർ ആവശ്യപ്പെട്ടെങ്കിലും ബി.ജെ.പി തയ്യാറായിരുന്നില്ല. ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ എക്‌സുമായി ബന്ധപ്പെട്ട് പോസ്റ്റ് നീക്കുകയായിരുന്നു.