നമ്മുടെ ദൈനംദിന ജീവിതത്തിലെ ഡിജിറ്റൽ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ വാലറ്റ് ആപ്പ് അവതരിപ്പിച്ച് ഗൂഗിൾ. ബുധനാഴ്‌ചയാണ് ഗൂഗിൾ തങ്ങളുടെ വാലറ്റ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ബോർഡിംഗ് പാസുകൾ, മൂവി ടിക്കറ്റുകൾ, ഡിജിറ്റൽ കാർ കീ അടക്കം വസ്‌തുക്കൾ സൂക്ഷിക്കാവുന്നതാണ് ഗൂഗിൾ വാലറ്റ്. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് പ്ളേ സ്റ്റോറിൽ നിന്നും ആപ്പ് ഇൻസ്റ്റാൾ ചെയ്യാം.
ഗൂഗിൾ പേയുടെ സൗകര്യങ്ങൾ തന്നെ വാലറ്റിലും ലഭിക്കും. പണമിടപാട് മാത്രം ഉണ്ടാകില്ല. ഇതിനായി ഗൂഗിൾ പേ തന്നെ തുടരും. ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാനായി 20ഓളം വൻ ബ്രാൻഡുകളുമായി ഗൂഗിൾ കൈകോർക്കുന്നു. പിവിആർ.,ഐനോക്‌സ്, എയർ ഇന്ത്യ, ഇൻഡിഗോ, ഫ്ളിപ്‌കാർട്ട്, കൊച്ചി മെട്രോ, അഭിബസ് എന്നിങ്ങനെ വിവിധ കമ്പനികളും സ്ഥാപനങ്ങളുമായി വാലറ്റ് സഹകരിക്കുന്നുണ്ട്. കൂടുതൽ കമ്പനികളുമായി വരുന്ന മാസങ്ങളിൽ സഹകരിക്കുമെന്നാണ് ഗൂഗിൾ അറിയിക്കുന്നത്. പൊതുഗതാഗതവും എന്റർടെയിൻമെന്റുമടക്കം വിവിധ കാര്യങ്ങൾക്ക് സഹായകമായിരിക്കും ഗൂഗിൾ വാലറ്റ്.
പേയ്‌മെന്റ് ആപ്പായി 2011ൽ ഗൂഗിൾ വാലറ്റ് അവതരിപ്പിച്ചു. ടാപ് ടു പേ സംവിധാനമായിരുന്നു ഇതിൽ. പിന്നീട് 2015ൽ ആൻഡ്രോയിഡ് പേ അവതരിപ്പിച്ചു. ഇവ രണ്ടും യോജിപ്പിച്ച് 2018ൽ ഗൂഗിൾ പേ തുടങ്ങി. ആപ്പ് വലിയ സ്വീകാര്യത നേടിയതിന് പിന്നാലെയാണ് ഗൂഗിൾ വാലറ്റ് വിപുലമാക്കി അവതരിപ്പിച്ചിരിക്കുന്നത്.