d

ജയ്‌പൂർ: രാജസ്ഥാനിലെ ഡൽഹി -മുംബയ് എക്സ്പ്രസ് വേയിൽ ട്രക്ക് യു ടേൺ എടുക്കുന്നതിനിടെ കാർ ഇടിച്ചുകയറി ഒരു കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു.

സവായ് മധോപൂർ ജില്ലയിലെ ബനാസ് നദി പാലത്തിന് സമീപം ഞായറാഴ്ചയായിരുന്നു അപകടം. മുന്നോട്ടുപോകുകയായിരുന്ന ട്രക്ക്

എക്സ്പ്രസ് വേയിൽ നിന്ന് പെട്ടന്ന് യു ടേൺ എടുക്കുകയായിരുന്നു. പിന്നാലെ അമിത വേഗതയിൽ വന്ന കാർ ട്രക്കിലേക്ക് ഇടിച്ചു കയറി. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ട്രക്ക് വേഗത്തിൽ ഇടത്തേക്ക് തിരിഞ്ഞതിനാൽ ഡ്രൈവർക്ക് കാർ നിറുത്താൻ സാധിച്ചില്ല. അപകടത്തിന് ശേഷം ട്രക്ക് നിറുത്താതെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

സിക്കാർ ജില്ലയിൽനിന്ന് രന്തംബോറിലുള്ള ത്രിനേത്ര ഗണേഷ് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മനീഷ് ശർമ, അനിത ശർമ, സതീഷ് ശർമ, പൂനം, സന്തോഷ്, കൈലാഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം ട്രക്ക് ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അഡിഷണൽ എം.പി ദിനേശ് കുമാർ പറഞ്ഞു. സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ അനുശോചനം രേഖപ്പെടുത്തി.