കാബൂൾ : അഫ്‌ഗാനിസ്ഥാനിലെ ബദാക്ഷൻ പ്രവിശ്യയിലുള്ള ഫൈസാബാദ് നഗരത്തിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഇന്നലെ രാവിലെ 11ന് മയക്കുമരുന്ന് വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെ ബോംബ് ഘടിപ്പിച്ച മോട്ടോർ ബൈക്ക് ഇടിച്ചു കയറ്റുകയായിരുന്നു. മേഖലയിൽ നിയമവിരുദ്ധമായി വളർത്തുന്ന പോപ്പിച്ചെടികൾ കണ്ടെത്തി നശിപ്പിക്കാനുള്ള ദൗത്യത്തിലായിരുന്നു സംഘം. ലഹരി വസ്തുവായ ഓപ്പിയത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നവയാണ് പോപ്പികൾ. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.