ശ്രീനഗർ: കഴിഞ്ഞ ആഴ്‌ച ജമ്മു കാശ്‌മീരിലെ പൂഞ്ച് ജില്ലയിൽ വ്യോമസേനയുടെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിൽ പങ്കുള്ള ഭീകരരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. മൂന്ന് പേരുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പാകിസ്ഥാൻ ആർമിയുടെ മുൻ കമാൻഡോ ഇല്ലിയാസ്, പാക് ഭീകരൻ ഹദൂൺ, ലഷ്‌കറെ ത്വയ്ബയുടെ കമാൻഡർ അബു ഹംസ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ യു.എസ് നിർമ്മിത എം. 4, റഷ്യൻ നിർമ്മിത എ.കെ 47 എന്നിവ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചു. പ്രദേശത്ത് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അതിനിടെ ഇന്നലെ വീണ്ടും സൈന്യവും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായി.
പൂഞ്ചിലെ ഭീകരാക്രമണത്തിൽ വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഭീകരർക്കായി സൈന്യം തെരച്ചിൽ വ്യാപകമാക്കിയിരുന്നു. ഏപ്രിൽ 28ന് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വില്ലേജ് ഡിഫൻസ് സ്‌ക്വാഡ് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കത്വ ജില്ലയിൽ സുരക്ഷാ ഏജൻസികൾ തെരച്ചിൽ വ്യാപകമാക്കിയിരുന്നു. നുഴഞ്ഞുകയറിയ ഭീകരർ പ്രദേശത്ത് തമ്പടിക്കുന്നതായി ഏപ്രിൽ 29ന് അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ് (ജമ്മു സോൺ) ആനന്ദ് ജെയിൻ പറഞ്ഞിരുന്നു.
പൂഞ്ച് അനന്തനാഗ്- രജൗരി പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണ്. ആറാം ഘട്ടത്തിൽ 25ന് തിരഞ്ഞെടുപ്പ് നടക്കും. ഇതോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് മേഖയിൽ ഒരുക്കിയിട്ടുള്ളത്.