ന്യൂഡൽഹി: 1952 മുതൽ സി.പി.എമ്മിന്റെ കോട്ടയായിരുന്ന പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ. 2009 സി.പി.എമ്മിനെ കൈവിട്ട ഇവിടം സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ ഉരുക്കുകോട്ടയാണിപ്പോൾ. മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ മമതയുടെ മരുമകൻ അഭിഷേക് ബാനർജിയുടെ മണ്ഡലം.
കമൽ ബസു, കൻസാരി ഹൽദാർ, ജ്യോതിർമയി ബസു, അമൽ ദത്ത, സമിക് ലാഹിരി തുടങ്ങിയ സി.പി.എം നേതാക്കളെ ലോക്‌സഭയിലെത്തിച്ച മണ്ഡലം. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ അഭിഷേക് 2011ൽ രാഷ്‌ട്രീയത്തിലെത്തിയെങ്കിലും 2014ലാണ് ഡയമണ്ട് ഹാർബറിലെത്തിയത്. കന്നിയങ്കത്തിൽ സി.പി.എമ്മിലെ അബുൾ ഹസ്‌നത്തിനെതിരെ 71,298 വോട്ടുകൾക്ക് ജയിച്ചു. ബി.ജെ.പിയായിരുന്നു 2019ൽ മുഖ്യഎതിരാളി. അന്ന് ബി.ജെ.പിയുടെ നിലഞ്ജൻ റോയിയെ മറികടന്നത് 3.20 ലക്ഷം വോട്ടുകൾക്ക്. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമുണ്ടെങ്കിലും ഡയമണ്ട് ഹാർബറിൽ തൃണമൂലിന്റെ കരുത്ത് ഇടിഞ്ഞിട്ടില്ല. ജൂൺ ഒന്നിന് അവസാന ഘട്ടത്തിലാണ് വോട്ടെടുപ്പ്.
പൊരുതാനുറച്ചാണ് ബി.ജെ.പി
2009, 2014 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ബോബി എന്ന അഭിജിത് ദാസാണ് ഡയമണ്ട് ഹാർബറിലെ ബി.ജെ.പി സ്ഥാനാർത്ഥി. തിരിച്ചുവരവിന് ശ്രമിക്കുന്ന സി.പി.എം യുവനേതാവായ പ്രതീക് ഉർ റഹ്മാനെയാണ് മത്സരിപ്പിക്കുന്നത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ അഭിജിത് ദാസിന്റെ അനുഭവപരിചയം അഭിഷേകിനെതിരെ ഉപയോഗിക്കാനാണ് ബി.ജെ.പി ലക്ഷ്യം. ജില്ലയിൽ പാർട്ടി ദുർബലമാണെങ്കിലും ആർ.എസ്.എസ് പശ്ചാത്തലമുള്ള ദാസ് പ്രധാന മുഖമാണ്. ഓട്ടോ, തൊഴിലാളി യൂണിയനുകളിലും ഇന്ത്യൻ റെയിൽവേയിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. 2018ൽ ഡയമണ്ട് ഹാർബറിൽ വച്ച് ദാസിനെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചിരുന്നു. അക്രമത്തിനിരയായിരുന്നു. അദ്ദേഹത്തിന്റെ കാറും തകർത്തിരുന്നു.