തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞ് കൂട്ടലും കിഴിക്കലുമൊക്കെ നടത്തി ജൂൺ നാലിന് ഫലത്തിനായുള്ള കാത്തിരിപ്പിലാണ് സംസ്ഥാനത്തെ ലോക്സഭാ സ്ഥാനാർത്ഥികൾ. ടെൻഷൻ ഉള്ളിലൊതുക്കി, അല്പം റിലാക്സാകാൻ സിനിമ കാണാൻ സമയം കണ്ടെത്തുന്ന സ്ഥാനാർത്ഥികളുമുണ്ട്. പാർട്ടി പ്രവർത്തനവും മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണവുമൊക്കെയായി ഇതുവരെ സിനിമ കാണാൻ സമയം കിട്ടാത്തവരുമുണ്ട്.
ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് വീട്ടിലിരുന്ന് ഒ.ടി.ടിയിലൂടെ കണ്ടത് 'പ്രേമലു'. തിരഞ്ഞെടുപ്പ് ചൂടിനിടയിലും തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കണ്ടത് പൃഥ്വിരാജ് നായകനായ 'ആടുജീവിതം'. ആലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫ് രണ്ട് സിനിമകൾ കുടുംബസമേതം തിയേറ്ററിലെത്തി കണ്ടു. 'ആവേശം', 'പവി കെയർ ടേക്കർ'.
കണ്ണൂർ എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ് കുടുംബസമേതം കണ്ടത് 'ആടുജീവിതം'. തൃശൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ രണ്ട് സിനിമ കണ്ടു- 'ആവേശം', 'ആടുജീവിതം'. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ രണ്ടാം ദിവസം മുതൽ പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് നടൻ കൂടിയായ കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷ്. ഇതിനിടയിൽ പുതിയ സിനിമകൾ കാണാനായില്ല. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ അടുത്ത ദിവസം കുടുംബസമേതം സിനിമ കാണാനുള്ള തയ്യാറെടുപ്പിലാണ്. വെബ് സിരീസുകൾ കാണാനാണ് എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന് ഇഷ്ടം. വീട്ടിലുള്ളപ്പോൾ അന്യഭാഷാ ചിത്രങ്ങളടക്കം നെറ്റ്ഫ്ലിക്സിൽ കാണും.
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ ഭാര്യ അന്നയ്ക്കൊപ്പം എറണാകുളം സെൻട്രൽ മാളിലെ തിയേറ്ററിലെത്തി കണ്ടത് 'ആവേശം'. പ്രചാരണത്തിനിടെ രാത്രി സമയമുണ്ടാക്കി പ്രേമലുവും മഞ്ഞുമ്മൽ ബോയ്സും കണ്ടിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാംദിവസം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ.ഷൈൻ ഭർത്താവിനൊപ്പം നോർത്ത് പറവൂർ കൈരളിയിൽ 'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമ ആസ്വദിച്ചു. പ്രചാരണ സമയത്തുതന്നെ പ്രേമലുവും ആടുജീവിതവും കണ്ടിരുന്നു.