d

തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചതിനൊപ്പം അടുത്ത വർഷം മുതൽ എസ്.എസ്.എൽ.സി പരീക്ഷാ രീതി മാറ്റുന്നതിനെയും കുറിച്ച് വ്യക്തമാക്കി മന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ അക്കാഡമിക് നിലവാരം ദേശീയതലത്തിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നത് ലക്ഷ്യമിട്ടാണ് പരീക്ഷാരീതി മാറ്റുന്നത്. പേപ്പർ മിനിമം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും ഇതിനായി വിവിധ മേഖലയിലെ വിദഗ്ദ്ധരെ സംഘടിപ്പിച്ച് വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും മന്ത്രി അറിയിച്ചു

നിലവിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിക്കുന്നതിന് നിരന്തര മൂല്യനിർണയം,​ എഴുത്തുപരീക്ഷ എന്നിവ രണ്ടുംചേർത്ത് ആകെ 30 ശതമാനം മാർക്ക് നേടിയാൽ മതി. നൂറുമാർക്കിന്റെ എഴുത്തുപരീക്ഷയിൽ വിജയിക്കാൻ നിരന്തര മൂല്യനിർണയത്തിലെ 20 മാർക്കും ഒപ്പം എഴുത്തുപരീക്ഷയിൽ പത്ത് മാർക്കും നേടിയാൽ മതി. 2025ൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ​ ഹയർസെക്കൻഡറിയിൽ നിലവിൽ ഉള്ളതുപോലെ എഴുത്തുപരീക്ഷയിൽ പ്രത്യേകം പേപ്പർ മിനിമം എർപ്പെടുത്തുന്ന കാര്യം പരിഗണിക്കും. വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ,​ അദ്ധ്യാപകർ,​ രക്ഷിതാക്കളുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

പരീക്ഷയിൽ വിജയിക്കുന്നതിന് ഓരോ വിഷയത്തിനും എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നേടിയിരിക്കണം. 40 മാർക്കിന്റെ എഴുത്തുപരീക്ഷ വിജയിക്കാൻ ഓരോ വിഷയത്തിനും 12 മാർക്കും 80 മാർക്കിന്റെ എഴുത്തുപരീക്ഷ വിജയിക്കാൻ ഓരോ വിഷയത്തിനും 24 മാർക്കും നേടിയിരിക്കണം. അതിനൊപ്പം നിരന്തര മൂല്യനിർണയത്തിന്റെ മാർക്കും കണക്കാക്കിയാകും ഫലം നിർണയിക്കുക.