kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് നടത്താനാകാത്ത വിധം പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് അപേക്ഷകള്‍. ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രശ്‌നപരിഹാരം ഇനിയും അകലെയാണ്. പുതിയതായി ലൈസന്‍സിന് അപേക്ഷിച്ചവരും പുതുക്കിയെടുക്കേണ്ടവരും ഒപ്പം വിദേശത്തേക്ക് പോകാനായി അടിയന്തരമായി ലൈസന്‍സ് പുതുക്കാനും പുതിയതായി എടുക്കാനും അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടേയും ഒപ്പം പരിശീലകരുടേയും പ്രതിഷേധം കാരണം പലയിടത്തും ടെസ്റ്റുകള്‍ നടക്കുന്നില്ല. പ്രതിഷേധം ശക്തമായതോടെയാണ് മേയ് നാലിന് ഇറക്കിയ ഉത്തരവിലും ഇളവുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഗതാഗത വകുപ്പ് മുന്നോട്ട് വയ്ക്കുന്ന പല കാര്യങ്ങളും അപ്രായോഗികമാണെന്നാണ് ഡ്രൈവിംഗ് സ്‌കൂളുകാര്‍ പറയുന്നത്.

ഗിയറുള്ള ഇരുചക്രവാഹന ലൈസന്‍സിന് കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഗിയര്‍ വാഹനം തന്നെ ടെസ്റ്റിന് ഉപയോഗിക്കണം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സിന് ഓട്ടോമാറ്റിക് വാഹനം ഉപയോഗിക്കരുത്. റോഡ് ടെസ്റ്റ് ഗതാഗതമുള്ള റോഡില്‍ നടത്തണം. ദിനംപ്രതി ഒരു മോട്ടോര്‍ വെഹിക്കിള്‍ ഓഫീസ് പരിധിയില്‍ 30 അപേക്ഷകര്‍ക്ക് ടെസ്റ്റ് എന്നത് 40 ആയി ഉയര്‍ത്തി. അതില്‍ 25 എണ്ണം പുതിയ അപേക്ഷകരും 10 റീടെസ്റ്റും അഞ്ചുപേര്‍ വിദേശത്തേക്കോ പഠനാവശ്യത്തിനോ വേണ്ടിയുള്ളവര്‍ക്കായും നിജപ്പെടുത്തി.

ലേണേഴ്സ് ടെസ്റ്റും ഇതിനനുസരിച്ച് നിജപ്പെടുത്തണം തുടങ്ങിയവയാണ് പ്രധാനപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍. റോഡ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് മാത്രം ഗ്രൗണ്ട് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന ഉത്തരവും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന രീതിയില്‍ ടെസ്റ്റ് നടത്തണമെങ്കില്‍ അതിന് പുതിയ രീതിയിലുള്ള ടെസ്റ്റ് ഗ്രൗണ്ടുകളും ക്രമീകരിക്കേണ്ടതുണ്ടെന്നാണ് ഡ്രൈവിംഗ് സ്‌കൂളുകളുടെ വാദം.