കൊച്ചി: കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയില്‍ അടുത്തിടെയായി ക്രിമിനല്‍ സംഘങ്ങളുടെ സാന്നിദ്ധ്യം വളരെ കൂടുതലാണ്. കവര്‍ച്ചയും കൊലപാതകവും തട്ടിക്കൊണ്ട് പോകലും അനുദിനം വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. നഗരത്തില്‍ ഒരിടവേളയ്ക്ക് ശേശം വീണ്ടും ഗുണ്ടാ സംഘങ്ങള്‍ സജീവമായതാണ് ഇതിന് പിന്നില്‍. ലഹരി ഇടപാട് സംഘങ്ങളുടെ സാന്നിദ്ധ്യവും നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളുടെ കയ്യില്‍ തോക്ക് ഒരു ഒഴിച്ച് കൂടാന്‍ കഴിയാത്ത സാധനമായി മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
9000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപവരെ വിലയുള്ള തോക്കുകളുടെ വില്‍പ്പന നഗരത്തില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാടന്‍ തോക്കുകള്‍ മുതല്‍ വിദേശത്ത് നിന്ന് കടത്തിക്കൊണ്ട് വരുന്ന തോക്കുകള്‍ വരെ കൊച്ചിയില്‍ ലഭ്യമാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു കാലത്ത് മംഗലാപുരം, മുംബയ് നഗരങ്ങളില്‍ നിന്നാണ് തോക്കുകള്‍ കേരളത്തിലേക്ക് എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ബിഹാറില്‍ നിന്നാണ് കൂടുതല്‍ എത്തുന്നത്.
മുമ്പ് 2000 - 3000 രൂപയ്ക്ക് നാടന്‍ തോക്കുകള്‍ ലഭ്യമായിരുന്നു. എന്നാല്‍ ഒന്നോ രണ്ടോ തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂവെന്നതിനാല്‍ ഇതിന് ആവശ്യക്കാര്‍ കുറഞ്ഞു. ഇപ്പോള്‍ പുതിയ നാടന്‍ തോക്കുകള്‍ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ വിലയും കൂടിയിട്ടുണ്ട്. 9000 രൂപ മുതല്‍ 20000 രൂപ വരെയാണ് ബിഹാറില്‍ നിന്നുള്ള നാടന്‍ തോക്കുകളുടെ വില. പൊലീസുകാര്‍ ഉപയോഗിക്കുന്ന റിവോള്‍വറുകളേക്കാള്‍ മാരകമാണ് ക്വട്ടേഷന്‍ സംഘങ്ങളുടെ കൈവശമുള്ള നാടന്‍ തോക്കുകള്‍.
അയല്‍രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങള്‍ വഴിയാണ് വിദേശ നിര്‍മിത തോക്കുകള്‍ എത്തുന്നതെന്നും പറയപ്പെടുന്നു. ഓരോ വിലയ്ക്ക് ലഭിക്കുന്ന തോക്കിനും ആവശ്യക്കാര്‍ ഏറെയുണ്ട്. പരസ്പരം ഭയപ്പെടുത്താനും സ്വയരക്ഷയ്ക്കും വേണ്ടിയാണ് ക്വട്ടേഷന്‍ സംഘങ്ങളില്‍പ്പെട്ടവര്‍ തോക്കുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതൊരു ഷോയ്ക്ക് വേണ്ടി മാത്രം കൊണ്ടുനടക്കുന്നവരുടെ എണ്ണവും കുറവല്ലെന്നാണ് പൊലീസ് പറയുന്നത്. തോക്കുകളുടെ വെറും സാന്നിദ്ധ്യം മാത്രമല്ല മറിച്ച് വില്‍പ്പനയും പൊടിപൊടിക്കുന്നുവെന്ന് മനസ്സിലാക്കിയാണ് പൊലീസും പ്രവര്‍ത്തിക്കുന്നത്.