tourism

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തുകയും ഇന്ത്യയോടുള്ള നിലപാടില്‍ മാറ്റം വരുത്തുകയും ചെയ്തതിന് പിന്നാലെ മാലദ്വീപുകാര്‍ക്ക് കഷ്ടപ്പാടാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിച്ച നടപടിയില്‍ രാജ്യത്തെ പൗരന്‍മാര്‍ മാലദ്വീപിന് പണി കൊടുത്തത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ടൂറിസത്തെ ബഹിഷ്‌കരിച്ചാണ്. അവധി ആഘോഷിക്കാന്‍ ഇനി മാലദ്വീപിലേക്ക് പോകില്ലെന്ന പ്രഖ്യാപനവുമായി സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ രംഗത്തെത്തി.

ബോയ്‌കോട്ട് മാലദ്വീപ് ക്യാമ്പയിനില്‍ മാലദ്വീപ് ടൂറിസത്തിന് വലിയ തിരിച്ചടി നേരിട്ടപ്പോള്‍ അത് അയല്‍രാജ്യമായ ശ്രീലങ്കയ്ക്ക് അനുഗ്രഹമായി മാറിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ ശ്രീലങ്കയിലേക്ക് ഒഴുകിയെത്തുകയാണ്. ഇന്ത്യയോട് ചേര്‍ന്ന് കിടക്കുന്ന രാജ്യം, ബീച്ചുകള്‍, പ്രകൃതി രമണീയമായ ഹില്‍ സ്റ്റേഷനുകള്‍ തുടങ്ങിയവ ദ്വീപ് രാജ്യത്തിലേക്ക് കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യുന്നുണ്ട്.

സാഹചര്യങ്ങള്‍ അനുകൂലമായി വന്നതോടെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് സൗജന്യവിസ നല്‍കുന്നത് തുടരുമെന്ന് ശ്രീലങ്കയുടെ പ്രഖ്യാപനം എത്തുകയും ചെയ്തു. മേയ് 31-വരെ ഈ ആനുകൂല്യം തുടരുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈന, ജപ്പാന്‍, മലേഷ്യ, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ എന്നീ രാജ്യക്കാര്‍ക്കാണ് സൗജന്യ വിസ നല്‍കുന്നത്. 30 ദിവസത്തെ കാലാവധിയാണ് വിസയ്ക്കുള്ളത്.

ഈ രാജ്യത്തിന് പുറത്തുള്ള സഞ്ചാരികളില്‍ നിന്ന് 30 ദിവസത്തെ വിസയ്ക്ക് 50 ഡോളര്‍ ഈടാക്കും. വിസ സേവനം നല്‍കുന്ന വിദേശ കമ്പനികള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ചെലവ് ഉള്‍പ്പടെ ഇത് 100 ഡോളര്‍ കവിയും. കഴിഞ്ഞ വര്‍ഷമാണ് പരീക്ഷാണാടിസ്ഥാനത്തില്‍ വിസരഹിത പ്രവേശനം പ്രഖ്യാപിച്ചത്. 2024 മാര്‍ച്ച് 31 വരെയായിരുന്നു ഇതിന്റെ കാലാവധി. എന്നാല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയതോടെയാണ് വിസരഹിത പ്രവേശനം നീട്ടുന്നതായി ശ്രീലങ്ക അറിയിച്ചത്.