പെരുമ്പാവൂർ: കാഞ്ഞൂർ നേഗിൾ വിദ്യാഭവൻ സ്‌കൂൾ ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ കോട്ടയം മണിമല വെള്ളാവൂർ നിരവേൽ വീട്ടിൽ കൃഷ്ണൻകുട്ടിയെ (72) പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. മാർച്ച് ഒമ്പതിനായിരുന്നു മോഷണം. ഈ വർഷം പാലാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്‌കൂളിലും പോത്താനിക്കാട് സെന്റ് മേരിസ് സ്‌കൂളിൽ രണ്ടു തവണയും മോഷണം നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഒരു വർഷം തടവുശിക്ഷ കഴിഞ്ഞ് നാലുമാസം മുമ്പാണ് പാലാ സബ്ജയിലിൽ നിന്ന് ഇറങ്ങിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനഞ്ച് മോഷണക്കേസുകളിൽ പ്രതിയാണ് കൃഷ്ണൻ കുട്ടി.