''മനുഷ്യന് ദശാവതാരമെന്ന് കവി പാടിയത് സിനിമാപ്പാട്ടായിട്ടാണെങ്കിലും, അതിലെ സന്ദേശം എത്ര മഹത്തരമാണെന്ന് ചിന്തിച്ചിട്ടുണ്ടോ?""- സുസ്മേരവദനരായിരുന്ന സദസ്യരിൽ മിക്കവരും കാര്യമായി ഇതുവരെ ശ്രദ്ധിച്ചിട്ടില്ലാത്ത പഴയൊരു സിനിമാപ്പാട്ടിന്റെ ചുവടുപിടിച്ചാണ്, തങ്ങളുടെ ചിന്തയിൽ അദ്ദേഹം ദീപം കൊളുത്തി ജീവിത യാഥാർത്ഥ്യങ്ങളുടെ മുത്തും പവിഴവും ചികയുന്നതെന്നത് അവർക്ക് ഏറെ കൗതുകമുളവാക്കുന്നതായിരുന്നു! സദസ്യരുടെ ജിജ്ഞാസ പ്രഭാഷകന്റെ ഹൃദയത്തിൽ സ്പർശിച്ചതുപോലെയാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിച്ചത്.
അപ്രകാരമൊരു സംതൃപ്തിയോടെ അദ്ദേഹം തുടർന്നു: ''ദശാവതാരം കഥ അറിയാത്ത നവയുഗ തലമുറക്കാർ ആരെങ്കിലുമുണ്ടോ എന്നറിയില്ല! ഏതായാലും ഇവിടെയുള്ള കുറച്ചുപേരെങ്കിലും ഡാർവിന്റെ പരിണാമ സിദ്ധാന്തം മനസ്സിലാക്കിയവരായിരിക്കുമല്ലോ. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവയാണ് ദശാവതാരങ്ങളെങ്കിലും, വേദങ്ങളിലോ ആദ്യകാല ഹൈന്ദവ ധർമ്മശാസനകളിലോ ദശാവതാര സങ്കല്പത്തെപ്പറ്റി സൂചനയില്ലെന്നും, ഇപ്രകാരമൊരു അവതാരകഥ ഹിന്ദുമതത്തിന്റെ വികാസ കാലഘട്ടത്തിൽ മറ്റു മതങ്ങളിൽ നിന്ന് കൂട്ടിച്ചേർക്കപ്പെട്ടവയും, അവയ്ക്കായി രചിക്കപ്പെട്ട പുരാണങ്ങളാണ് ദശാവതാര കഥയ്ക്ക് അടിസ്ഥാനമെന്നും വിശ്വസിക്കുന്നവരുണ്ട്.
അതെന്തെങ്കിലുമാകട്ടെ, പരിണാമ സിദ്ധാന്തത്തിന്റെ പിതാവ് നമ്മുടെ ദശാവതാര കഥയിൽ ആകൃഷ്ടനായിരുന്നോ എന്നതും, അത്തരമെന്തെങ്കിലും ചിന്ത തന്റെ സിദ്ധാന്തത്തിന്റെ പിറവിക്ക് കാരണമായിട്ടുണ്ടോയെന്നും നമുക്കറിയില്ലല്ലോ. എന്നാൽ, ആ സിനിമാപ്പാട്ടിൽ പറഞ്ഞതുപോലെ മനുഷ്യരായ നമ്മുടെ ദശാവതാര ജന്മം ദിനംപ്രതി നമ്മൾ വിജയപ്രദമായി അഭിനയിച്ചു മുന്നേറുന്നത് എല്ലാവരും കാണുന്നുണ്ടോ എന്നെങ്കിലും ചിന്തയുണ്ടോ? വളരെ നാൾ ആഗ്രഹിച്ചു നടന്ന സ്വന്തം വീടെന്ന സ്വപ്നം സത്യമായിത്തീർന്നതിന്റെ സന്തോഷക്കൊടുമുടിയിലായിരുന്നു അയാൾ. അതിനാൽത്തന്നെ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് സുഹൃത്തുക്കളും ബന്ധുക്കളുമായി നൂറുകണക്കിന് ആളുകളെയാണ് ക്ഷണിച്ചിരുന്നത്.
എല്ലാവരും സമ്മാനങ്ങളുമായെത്തി. അയാളും സഹധർമ്മിണിയും ചേർന്ന് എല്ലാവരെയും സ്വീകരിച്ചു. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ. എല്ലാവരും സദ്യ കഴിച്ചേ മടങ്ങാവൂ എന്ന് അതിഥികളോട് അയാളും സഹധർമ്മിണിയും പറയുമ്പോഴും, അയാളുടെ മിഴികൾ മറ്റാരെയോ തിരയുകയായിരുന്നു. വിവരം തിരക്കിയവരോട് അയാൾ സ്വകാര്യമായി പറഞ്ഞു 'എന്റെ സാർ" വന്നില്ല. കുറച്ചു നേരം കഴിഞ്ഞപ്പോൾ അയാളുടെ കാത്തിരിപ്പിന് ഫലപ്രാപ്തിയായി! ഒരു മുന്തിയ ഇനം കാറിൽ 'അയാളുടെ സാർ" കുടുംബസമേതം എത്തി. അയാളും ഭാര്യയും കൂടി ആ വിശിഷ്ടാതിഥികളെ തങ്ങളുടെ സ്വപ്നഭവനം കൊണ്ടുനടന്ന് കാണിച്ചു.
പക്ഷേ, 'സാർ" ഒന്നും മിണ്ടുന്നില്ല. അത്, അയാളെ വലിയ ദുഃഖത്തിലാക്കി. എന്താ സാർ, വീട് ഇഷ്ടമായില്ലേ? അയാൾ സ്വകാര്യമായി ചോദിച്ചു. 'അല്ല, ഞാൻ ഓർക്കുകയായിരുന്നു... ഇത്രയും സ്ട്രോംഗായിട്ടൊക്കെ വീടു പണിതാൽ ഇതൊക്കെ പൊളിക്കാൻ എന്തൊരു പാടായിരിക്കും!" ആലിംഗനം സൗഹൃദ പ്രകടനമാണെങ്കിലും, ധൃതരാഷ്ട്രാലിംഗനം ഇരുകൈകളും നീട്ടി സ്വീകരിക്കുന്നതെങ്ങനെ! ഇനി നിങ്ങൾ പറയൂ, അയാളുടെ സാർ ഏത് അവതാരമായിരിക്കുമെന്ന്!"" കൂട്ടച്ചിരിയിൽ പ്രഭാഷകനും പങ്കുചേർന്നു.