ഹൈദരാബാദ്: ജയിക്കാന്‍ വേണ്ടിയിരുന്നത് 166 റണ്‍സ്, ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വെറും 58 പന്തുകളില്‍ കളി തീര്‍ത്ത് ട്രാവിസ് ഹെഡും, അഭിഷേക് ശര്‍മ്മയും. ഇതാണ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍മാര്‍ ചെയ്ത 'ക്രൂരത'. ജയത്തോടെ 14 പോയിന്റുമായി എസ്ആര്‍എച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.
സ്‌കോര്‍: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് 165-4 (20), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 167-0 (9.4)
വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ഓപ്പണര്‍മാര്‍ തുടക്കത്തില്‍ തന്നെ നയം വ്യക്തമാക്കി. അഭിഷേക് ശര്‍മ്മ ആറ് സിക്‌സും എട്ട് ഫോറും സഹിതം 75*(28) റണ്‍സും ട്രാവിസ് ഹെഡ് എട്ട് ഫോറും എട്ട് സിക്‌സും സഹിതം 89*(30) രണ്‍സും നേടി. ലക്‌നൗ ബൗളര്‍മാര്‍ ആകെ എറിഞ്ഞ 58 പന്തുകളില്‍ 30 എണ്ണവും ബൗണ്ടറി നേടിയാണ് ഹൈദരാബാദ് വിജയിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ 29(33), ക്രുണാല്‍ പാണ്ഡ്യ 24(21), നിക്കോളസ് പൂരന്‍ 48*(26), ആയുഷ് ബദോനി 55*(30) എന്നിവരുടെ പ്രകടനമാണ് സ്‌കോര്‍ 150 കടത്തിയത്.