ന്യൂഡൽഹി : മാനേജ്‌മെന്റിനെതിരെ പ്രതിഷേധിച്ച് ജീവനക്കാർ കൂട്ട അവധിയെടുത്തതോടെ വിമാന സർവീസുകൾ മുടങ്ങിയ എയർ ഇന്ത്യ എക്സ്പ്രസിലെ പ്രതിസന്ധി തുടരാൻ സാദ്ധ്യത. അടുത്ത ദിവസങ്ങളിലും സർവീസുകൾ വെട്ടിച്ചുരുക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ അലോക് സിംഗ് പറഞ്ഞു. ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർക്ക് എയർ ഇന്ത്യ കത്തയച്ചു.
ജീവനക്കാരുടെ സമരത്തെ തുടർന്ന് ഇന്ന് 86 സർവീസുകളാണ് മുടങ്ങിയത്. ഇതിന് പിന്നാലെയാണ് വരുംദഗിവസങ്ങളിലും സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്ന് അറിയിപ്പ് പുറത്തുവന്നത്. ജീവനക്കാർ അസുഖബാധിതരാണെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് അലോക്‌സിംഗ് വ്യക്തമാക്കി.
അതേസമയം യു.എ.ഇയിൽ നിന്നുള്ള കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി. വ്യാഴം, വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. നാളത്തെ അൽ ഐൻ- കോഴിക്കോട് വിമാനം, വെള്ളിയാഴ്ചത്തെ റാസൽഖൈമ- കണ്ണൂർ വിമാനം, ശനിയാഴ്ചത്തെ റാസൽഖൈമ- കോഴിക്കോട്, അബുദാബി- കണ്ണൂർ വിമാനങ്ങൾ, തിങ്കളാഴ്ചത്തെ ഷാർജ- കണ്ണൂർ, അബുദാബി- കണ്ണൂർ, ദുബായ്- കോഴിക്കോട് വിമാനങ്ങളാണ് റദ്ദാക്കിയത്.
വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ഇന്ന് കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ളവരുൾപ്പെടെ ഒട്ടേറെപ്പേരുടെ യാത്ര മുടങ്ങി. വിസ കാലാവധി തീർന്നവരും അത്യാവശ്യ യാത്രക്കാരുമാണ് നല്ലൊരു പങ്കും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ 27 സർവീസുകൾ മുടങ്ങി. 3800 പേരാണ് കുടുങ്ങിയത്. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയതറിയുന്നത്. കരിപ്പൂരിൽ 14 വിമാനം മുടങ്ങി 1400 പേർ, കൊച്ചിയിൽ അഞ്ചെണ്ണം റദ്ദാക്കി 900 പേർ, തിരുവനന്തപുരത്ത് അഞ്ചെണ്ണം റദ്ദാക്കി 1000 പേർ, കണ്ണൂരിൽ മൂന്ന് വിമാനങ്ങളിൽ പോകേണ്ട 500 പേർ എന്നിങ്ങനെയാണ് എയർപോർട്ടിൽ കുടുങ്ങിയത്.