കോഴിക്കോട്: മഴ ഉടനെയെത്തുമെന്ന കാലാവസ്ഥാ പ്രവചനം വന്നത് മുതല്‍ മലയാളികള്‍ കാത്തിരിക്കുകയാണ്. കാരണം ഇത്രയും അധികം ചൂട് മലയാളികള്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ടാകില്ല. കനത്ത ചൂടില്‍ കേരളത്തില്‍ പുറത്ത് മാത്രമല്ല വീടിനുള്ളില്‍ പോലും കഴിയാന്‍ പറ്റാത്ത അവസ്ഥയാണ്. ഓരോ ദിവസവും ഉഷ്ണതരംഗ മുന്നറിയിപ്പ് വിവിധ ജില്ലകളില്‍ നല്‍കുന്നു. ഇപ്പോഴിതാ ചൂട് കാരണം വീടിനുള്ളില്‍ സംഭവിച്ചത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.
കൊടും ചൂട് കാരണം വീടിനുള്ളിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലയില്‍. ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തിലെ കറ്റോട്ടില്‍ കോപ്പറ്റ ബാബുവിന്റെ വീട്ടിലെ ഒന്നാം നിലയില്‍ പാകിയ ടൈലുകളാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.
ഉഗ്രശബ്ദത്തോടെ ടൈലുകള്‍ മുഴുവന്‍ പൊട്ടിയിളകി ഉയര്‍ന്നുവരികയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇതുകണ്ട് പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ ഉടന്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി നില്‍ക്കുകയായിരുന്നു. ഉയര്‍ന്ന അന്തരീക്ഷ താപനില കാരണമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ വാര്‍ഡിലെ ഒരു വീട്ടിലും ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവം നടന്നിരുന്നുവെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.