തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയില്‍ ബാലരാമപുരം മുതലുള്ള പാതയുടെ നിര്‍മ്മാണം നീളുന്നു. ബാലരാമപുരത്തെ കുരുക്ക് ഒഴിവാക്കാന്‍ സാധിക്കുന്ന പാത വൈകുന്നതിന് ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്നാണ് ആക്ഷേപം. റോഡ് വികസനം വേഗത്തിലാകാത്തതിനാല്‍ തമിഴ്‌നാട് അതിര്‍ത്തി സ്ഥലങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പല ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ ബാലരാമപുരത്തെ കുരുക്കില്‍പ്പെടേണ്ട അവസ്ഥയാണ്.
കൊടിനട മുതല്‍ കളിയിക്കാവിള വരെ പാത ഇരട്ടിപ്പിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം നിലവിലുണ്ടെങ്കിലും റോഡിന്റെ അലൈന്‍മെന്റ് എടുക്കല്‍ മാത്രമായി ജോലികള്‍ ചുരുങ്ങുകയായിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് അടിയന്തര സാഹചര്യത്തില്‍ രോഗികളെ കൊണ്ടുവരുന്ന ആംബുലന്‍സുകളും ബാലരാമപുരത്തെ ബ്ലോക്കില്‍പ്പെടുന്നത് പതിവ് കാഴ്ചയാണ്.
കരമന - കളിയിക്കാവിള - 27 കിലോമീറ്റര്‍
കൊടിനട മുതല്‍ കളിയിക്കാവിള വരെ - 18 കിലോമീറ്റര്‍
സ്ഥലമെടുപ്പ് പാതിവഴിയില്‍
കരമന മുതല്‍ ബാലരാമപുരം കൊടിനട വരെ റോഡിന് 32.1മീറ്റര്‍ വീതിയാണ് നിലവിലുള്ളത്. കൊടിനട മുതല്‍ കളിയിക്കാവിള വരെയുള്ള 18 കിലോമീറ്റര്‍ ദൂരത്തായി നിലവിലെ 16 മീറ്ററില്‍ നിന്നും 32.1 മീറ്ററായി വീതി മാറ്റേണ്ടതുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് ഇവിടങ്ങളിലുള്ള സ്ഥലമെടുപ്പ് നടക്കാത്തതെന്നാണ് ആരോപണം. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ 25 പേര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നല്‍കിയത്. ഇനി അഞ്ഞൂറോളം പേര്‍ക്ക് തുക നല്‍കണമെന്നാണ് വിവരം.
വേണം രണ്ടായിരം കോടി
കളിയിക്കാവിള വരെയുള്ള ദേശീയപാത വികസനത്തിന് രണ്ടായിരം കോടി രൂപ വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്കുകൂട്ടല്‍. രണ്ടുവര്‍ഷം കൊണ്ട് കളിയിക്കാവിളവരെ വീതികൂട്ടുമെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ പ്രഖ്യാപനം.