air-india-

കണ്ണൂർ: മാനേജ്‌മെന്റിനെതിരെ പ്രതിഷേധിച്ച് ജീവനക്കാർ കൂട്ട അവധിയെടുത്തിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് കണ്ണൂരിൽ നിന്ന് കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങളാണ് അവസാന നിമിഷം റദ്ദാക്കിയത്. കണ്ണൂരിൽ നിന്ന് ഇതുവരെ നാല് വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. അവസാന നിമിഷമാണ് 4.20ന്റെ ഷാർജ വിമാനം റദ്ദാക്കിയതായി അറിയിപ്പെത്തുന്നത്. തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ഇന്നലെ കണ്ണൂരിൽ നിന്ന് പുലർച്ചെ പുറപ്പെടേണ്ട രണ്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. മസ്കറ്റ്, ദമാം വിമാനങ്ങളാണ് ഇന്നലെ സർവീസ് നിർത്തിവച്ചത്.

നിരവധി ആഭ്യന്തര- അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയിരുന്നു. ജീവനക്കാർ കൂട്ട അവധിയെടുത്തിനെ തുടർന്ന് 86 സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. ഇതുപതിനായിരത്തിലേറെ യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ അപ്രതീക്ഷിത സമരം തുടരുകയാണ്. കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ളവരുൾപ്പെടെ ഒട്ടേറെപ്പേരുടെ യാത്ര മുടങ്ങി. വിസ കാലാവധി അടുത്തവരും അത്യാവശ്യ യാത്രക്കാരുമാണ് നല്ലൊരു പങ്കും. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയതറിയുന്നത്.

300 ക്യാബിൻ ക്രൂ അംഗങ്ങളാണ് കൂട്ടത്തോടെ സിക്ക് ലീവെടുത്തത്. അവർ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്‌തതിനാൽ ബന്ധപ്പെടാനായില്ല. തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. ടാറ്റയുടെ കീഴിലുള്ള വിസ്‌താരയിലും സമാന സമരത്തെ തുടർന്ന് അടുത്തിടെ 150 സർവീസുകൾ മുടങ്ങിയിരുന്നു.