power-

തിരുവനന്തപുരം: സംസ്ഥാനത്തെ വെെദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും. കെ എസ് ഇ ബി ചെയർമാൻ മുതൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.

പ്രാദേശിക വെെദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ആദ്യ അവലോകന യോഗമാണിത്. ഇന്നലെ ബോർഡിലെ സർവീസ് സംഘടനകളുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. ഇന്ന് നടക്കുന്ന യോഗത്തിൽ പ്രാദേശിക നിയന്ത്രണം തുടരുന്നതിൽ തീരുമാനം എടുത്തേക്കും. സംസ്ഥാനത്തെ വെെദ്യുതി പ്രതിസന്ധി പരിഹാരത്തിന് തുടർ ചർച്ചക്കായി ഹെെപവർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ഓരോ ദിവസം കഴിയുന്തോറും അസഹനീയമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഇതിനാൽ വൈദ്യുതി ഉപയോഗവും കൂടിവരികയാണ്. ലോഡ്‌ കൂടുന്നതിനാലുള്ള സാങ്കേതിക പ്രശ്‌നവും വൈദ്യുതിച്ചെലവും കെ എസ്‌ ഇ ബിക്ക് തലവേദനയാകുന്നുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉപയോക്താക്കളുടെ സഹകരണം തേടുകയാണ് വൈദ്യുതി ബോർഡ്. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിച്ചാൽ ഇടയ്‌ക്കിടെ അധികലോഡ് കാരണം ഫീഡറുകളിൽ ഉണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാനും സാധിക്കും. ക്ഷാമം ഉണ്ടായാൽ ഇറക്കുമതി കൽക്കരി ഉപയോഗിച്ചുണ്ടാക്കുന്ന വിലകൂടിയ വൈദ്യുതിയും വാങ്ങേണ്ടിവരും. ഇതിന് മുൻകൂർ പണം നൽകണം. നിരക്ക് നിശ്ചയിച്ച് വാങ്ങിയില്ലെങ്കിൽ നഷ്ടം കൂടും.