കാഞ്ഞങ്ങാട്: കേരളത്തിൽ അത്രയ്ക്ക് സാർവത്രികമല്ലാത്ത മുന്തിരിയിൽ നേട്ടവുമായി മുൻ പ്രവാസിയും പൊതുപ്രവർത്തകനുമായ രാമഗിരിയിലെ ബി. മാധവൻ. കാഞ്ഞങ്ങാടിനടുത്തുള്ള രാമഗിരിയിൽ മാധവന്റെ പുരയിടത്തിൽ തൂങ്ങിനിൽക്കുന്ന മുന്തിരിക്കുലകൾ ആനന്ദകരമായ കാഴ്ചയാണ്. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും വാങ്ങിയ മുന്തിരി തൈകളാണ് ഇവിടെ പഴങ്ങളുമായി വിളഞ്ഞുനിൽക്കുന്നത്.
തികച്ചും ജൈവ രീതിയിലായിരുന്നു കൃഷി. ഒരു വർഷത്തിനുശേഷം മുന്തിരി വിളഞ്ഞു. നല്ല മധുരമുള്ള ഇനമാണ് തോട്ടത്തിലുള്ളത്. കൃഷിയിടത്തിൽ മയിലിന്റെയും മറ്റ് പക്ഷികളുടെയും ശല്യം കാരണം മുന്തിരിക്കുലകൾ പ്ലാസ്റ്റിക് കൂടുകൊണ്ട് മറയുണ്ടാക്കേണ്ടിവന്നു. കൃഷിക്ക് കൂട്ടായി മാധവനോടൊപ്പം ഭാര്യ പി.സുധയും സഹായിയായുണ്ട്.
മുൻ പ്രവാസിയായ മാധവൻ സി.പി.എം തെക്കേപള്ളം ബ്രാഞ്ച് സെക്രട്ടറി, കർഷക സംഘം ചിത്താരി വില്ലേജ് പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം, കൊട്ടിലങ്ങാട് പാടശേഖര സമിതി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു. രാവണേശ്വരം സാമൂഹ്യ വികസന കലാകേന്ദ്രം രാമഗിരിയുടെ ആദ്യകാല ഭാരവാഹിയും ചിത്താരി ബാങ്ക് മുൻ ഡയറക്ടറുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പി.സുധയോടൊപ്പം രാമഗിരി തെക്കേ പള്ളത്ത് താമസിക്കുന്ന മാധവന്റെ രണ്ട് ആൺമക്കൾ എൻജിനീയർമാരാണ്.
നാട്ടുവാഴ തൊട്ട് കാശ്മീരി മുളക് വരെ
വാഴ, തെങ്ങ്, കുരുമുളക് , മഞ്ഞൾ, പച്ചക്കറികൾ പഴവർഗ്ഗങ്ങൾ, പൈനാപ്പിൾ, സപ്പോട്ട, മാവ് എന്നിങ്ങനെ വൈവിദ്ധ്യപൂർണമാണ് മാധവന്റെ പുരയിടം. പശുവളർത്തലിലൂടെ വിളകൾക്ക് ആവശ്യമായ ചാണക വളവും ലഭിക്കുന്നു. വർഷങ്ങൾക്കു മുമ്പ് നിരവധി അന്യസംസ്ഥാന വിളകൾ പരീക്ഷിച്ച മാധവൻ വിജയം കൊയ്തിട്ടുണ്ട്. നെൽകൃഷിയിലൂടെ ആവശ്യമായ അരിയും ഈ കുടുംബം ഉത്പാദിപ്പിക്കുന്നു. അജാനൂർ കൃഷിഭവൻ മാധവന് ആവശ്യമായ സഹായവും നൽകുന്നുണ്ട്.വീട്ടിലെ ടെറസിൽ നിന്നും മഴവെള്ളം പൈപ്പിലൂടെ പ്രത്യേകം ബാരലിൽ എത്തിച്ച് ജില്ലി, പൂഴി തുടങ്ങിയവ ഉപയോഗിച്ച് കിണറിനെ റീചാർജ് ചെയ്യുന്ന സംവിധാനവും ഇവിടെയുണ്ട്. നേരത്തെ രാമഗിരി തെക്കേ പള്ളത്ത് നടത്തിയിരുന്ന റൈസ് ആൻഡ് ഫ്‌ളോർ മില്ല് മാധവന്റെ സുധയുടെ നേതൃത്വത്തിലുള്ള കുടുംബശ്രീയാണ് നടത്തുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ മാതൃക വെളിച്ചെണ്ണയും മറ്റ് വിവിധതരം കറിപൊടികളും വിപണി പിടിച്ചുപറ്റിയവയാണ്.