ന്യൂഡൽഹി: കാശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കാശ്‌മീരിലെ കുൽഗ്രാം മേഖലയിൽ ഇന്നലെ രാത്രിയായിരുന്നു ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം. കൊല്ലപ്പെട്ടവരിലൊരാൾ കൊടും ഭീകരരുടെ പട്ടികയിലുള്ളയാളാണ്.
റെഡ്വാനി പയീൻ നിവാസിയും ലഷ്‌കർ ഇ തോയ്ബ കമാൻഡർ ബാസിത് അഹമ്മദ് ദാർ, മോമിൻ ഗുൽസാർ, ഫാഹിം അഹമ്മദ് ബാബ എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്. പ്രദേശവാസികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കൊലപാതകങ്ങളിൽ ബാസിത് അഹമ്മദ് ദാറിന് പങ്കുണ്ട്.
'18 കൊലപാതകങ്ങളിൽ പങ്കുള്ളവരാണ് കൊല്ലപ്പെട്ടത്. ഇത് ഞങ്ങൾക്ക് ഒരു വലിയ നേട്ടമാണ്,' കാശ്മീർ ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ് വി കെ ബിർഡി ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കാശ്മീരിലെ കുൽഗാമിലെ റെഡ്വാനി പയീൻ മേഖലയിൽ തിങ്കളാഴ്ച രാത്രി തൊട്ട് സുരക്ഷാ സേന പരിശോധന നടത്തിവരികയായിരുന്നു. മെയ് നാലിന് പൂഞ്ച് ജില്ലയിൽ വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും, നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ പിന്നിൽ പ്രവർത്തിച്ച മൂന്ന് ഭീകരരുടെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവിട്ടിരുന്നു.
പാകിസ്ഥാൻ ആർമിയുടെ മുൻ കമാൻഡോ ഇല്ലിയാസ്, പാക് ഭീകരൻ ഹദൂൺ, ലഷ്‌കറെ ത്വയ്ബയുടെ കമാൻഡർ അബു ഹംസ എന്നിവരാണ് ദൃശ്യങ്ങളിലുള്ളതെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇവർ യു.എസ് നിർമ്മിത എം. 4, റഷ്യൻ നിർമ്മിത എ.കെ 47 എന്നിവ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചു. പ്രദേശത്ത് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. .