പന്ത്രണ്ടാം നൂറ്റാണ്ട് ലോകത്തിനു സംഭാവനചെയ്ത സാമൂഹിക പരിഷ്കർത്താവായ ബസവേശ്വരന്റെ (ബസവണ്ണ) ജയന്തിദിനമാണ് ഇന്ന്. ജാതി വിവേചനത്തെയും ലിംഗവിവേചനത്തെയും വെല്ലുവിളിച്ച് സമത്വത്തിനായി ശബ്ദമുയർത്തിയ ബസവേശ്വരന്റെ വിപ്ളവാശയങ്ങളും കൃതികളും കാലാതീതമായി നിലനില്ക്കുന്നു. എ.ഡി 1134-ൽ കർണാടകയിലെ വിജയപൂർ ജില്ലയിലെ ബസവന ബാഗേവാഡിയിലാണ് ബസവണ്ണയുടെ ജനനം.
സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദിയായി അനുഭവ മണ്ഡപം എന്ന പേരിൽ ലോകത്തെ ആദ്യ പാർലമെന്റ് സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചത് ബസവണ്ണയായിരുന്നു. 770 അംഗങ്ങളുള്ള ഈ വേദി സാമൂഹിക ചർച്ചകളുടെ പ്രതികരണമായി വചനങ്ങൾ (ചെറുകവിതകൾ) തയ്യാറാക്കുന്നതിനും അരങ്ങായി. ഇങ്ങനെ നാല്പതിനായിരത്തോളം വചനങ്ങളാണ് ഈ അനുഭവ മണ്ഡപം പുറപ്പെടുവിച്ചത്. ബസവണ്ണയുടെ ഈ പാർലമെന്റ് സങ്കല്പം ആധുനിക ജനാധിപത്യം രൂപപ്പെടുന്നതിനും തൊള്ളായിരം വർഷത്തോളം മുമ്പായിരുന്നുവെന്ന് ഓർക്കണം.
ലോകവ്യാപകമായി പ്രചരിച്ച ഈ ആശയങ്ങൾക്ക് നന്ദിസൂചനകമായെന്നോണമാണ് യു.കെയിലെ തെംസ് നദീതീരത്ത് ബസവണ്ണയുടെ പ്രതിമ സ്ഥാപിക്കപ്പെട്ടത്. മുതലാളിത്ത ആശയങ്ങളുടെ നിരാകരണവും, 18, 19 നൂറ്റാണ്ടുകളിലെ വർഗരഹിത സമൂഹത്തിനായുള്ള അന്വേഷണവുമായി നമ്മൾ കാൾ മാർക്‌സിനെ ബന്ധപ്പെടുത്തുമ്പോൾ, പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ബസവണ്ണ സമാന തത്ത്വങ്ങൾ സ്വീകരിച്ചതും പ്രചരിപ്പിച്ചതും. എല്ലാത്തരം തൊഴിലെടുക്കുന്നവർക്കും തുല്യ പ്രാധാന്യം ഊന്നിപ്പറയുന്നതായിരുന്നു ബസവേശ്വരന്റെ സന്ദേശം.
ജോലിയാണ് ആരാധന എന്ന സന്ദേശത്തിലൂടെ ജീവിതത്തിനും തൊഴിലിനും ഒരു പുതിയ മാനം കല്പിച്ച സമൂഹിക പരിഷ്‌കർത്താവായിരുന്നു ബസവേശ്വരൻ. കർമ്മ സിദ്ധാന്തത്തിന്റെ വക്താക്കൾ പാരമ്പര്യ തൊഴിലുകൾ ചെയ്യുവാൻ നിർബന്ധിക്കുമ്പോൾ, ഒരു തൊഴിലും ആരുടെയും കുത്തകയല്ലെന്നും ആർക്കും ഏതു തൊഴിലും ചെയ്യാമെന്നും വാദിക്കുകയായിരുന്നു അദ്ദേഹം. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം വ്യാപകമായിരുന്നപ്പോൾ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർക്ക് ബസവണ്ണ സാമൂഹിക വ്യക്തിത്വവും തുല്യ ബഹുമാനവും നൽകി.
ഇതിഹാസ കാവ്യങ്ങളായ രാമായണവും മഹാഭാരതവും ജനഹൃദയങ്ങളെ എത്രമാത്രം സ്വാധീനിച്ചുവോ അതിനു സമാനമായ ഒരു ആസ്വാദക ലോകം വചന സാഹിത്യത്തിനുമുണ്ടായിരുന്നു. ജാതിഭേദമോ ലിംഗഭേദമോ കൂടാതെ എല്ലാവരിലും സാഹിത്യവാസന സൃഷ്ടിച്ചെടുത്തത് വചന സാഹിത്യകാരന്മാരാണ്. സൂലെ സങ്കവ്വയെപ്പോലുള്ളവർ തങ്ങളുടെ ജീവിതാനുഭവം അടിസ്ഥാനമാക്കിയാണ് വചനങ്ങൾ സംഭാവന ചെയ്തത്. അഭിസരണം തൊഴിലായിരുന്നിട്ടും ബസവണ്ണയുടെ ആദർശങ്ങളിലും പാഠങ്ങളിലും നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൂലെ സങ്കവ്വ വചന സാഹിത്യകാരിയായി മാറി! അക്ക മഹാദേവി, അയ്‌ഡക്കി ലക്കമ്മ തുടങ്ങിയ സ്ത്രീകളും അവരുടെ ജ്ഞാനോദയമായ വചനങ്ങളിലൂടെ ശ്രദ്ധേയ സംഭാവനകൾ നൽകിവരാണ്.
ചലിക്കുന്ന ക്ഷേത്രമെന്ന നിലയിൽ മനുഷ്യശരീരത്തെ വിശേഷിപ്പിച്ച ബസവണ്ണ ആത്മാരാധന പ്രോത്സാഹിപ്പിച്ചു. അലസത മരണതുല്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. പ്രശസ്ത കന്നഡ കവിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ അന്തരിച്ച കുവെമ്പു, സാമൂഹിക ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിൽ, പന്ത്രണ്ടാം നൂറ്റാണ്ടിൽ ഉയർന്നുവന്ന പ്രകാശഗോപുരമായി ബസവണ്ണയെ വിശേഷിപ്പിച്ചു.
സമൂഹത്തിന് വ്യക്തികൾ തിരികെ നൽകുന്ന പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ദശോക എന്ന പദം ആദ്യം ഉപയോഗിച്ചത് ബസവണ്ണയാണ്. ദാരിദ്ര്യം തുടച്ചുനീക്കാനും ആരോഗ്യകരവും സമൃദ്ധവുമായ ലോകം കെട്ടിപ്പടുക്കുവാനും നാം പരിശ്രമിക്കുമ്പോൾ ബസവണ്ണയുടെ ആശയങ്ങൾക്കുള്ള പ്രസക്തി വർദ്ധിക്കുകയാണ്. സർവമാനവികതയുടെ ശബ്ദമാണ് ബസവേശ്വര വചനങ്ങളിലും പ്രതിദ്ധ്വനിയുണർത്തുന്നത്.
അഗാധവും ഏകാഗ്രവുമായ ഭക്തി, അപൂർവവും അദ്ഭുതകരവുമായ ഗുണഭാവങ്ങൾ, വിനയം, വാക്കും പ്രവൃത്തിയുമായുള്ള പൊരുത്തം, ഈശ്വര സന്നിദ്ധിയിലെ സമ്പൂർണ വിലയനം, നിസ്വാർത്ഥത, ഭയരാഹിത്യം എന്നിവയ്ക്ക് ആധാരഭൂതനായിരുന്ന ബസവേശ്വരന്റെ അതുല്യമായ മഹദ്ഗുണങ്ങളും അനിതരസാധാരണമായ ധിഷണയും ഒക്കെയാണ് കാലത്തിന്റെ ഹൃദയത്തിൽ നിത്യചൈതന്യമായി അദ്ദേഹത്തെ നിലനിറുത്തുന്നത്.
ക്യാപ്ഷൻ
ലണ്ടനിലെ തെംസ് നദീതീരത്ത് ബസവേശ്വര പ്രതിമ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തപ്പോൾ