കൊടുങ്ങല്ലൂർ : സ്റ്റേഷൻ സന്ദർശിക്കണമെന്നും പൊലീസിനൊപ്പം ജീപ്പിൽ സഞ്ചരിക്കണമെന്നുമുള്ള ഓട്ടിസം ബാധിതനായ ബാലന്റെ ആഗ്രഹം സഫലമാക്കി കൊടുങ്ങല്ലൂർ പൊലീസ്. ശ്രീഹരിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു കൊടുങ്ങല്ലൂർ സ്റ്റേഷനിൽ കയറുകയെന്നത്. ഏകദേശം ആറ് മാസമായി ഗൂഗിൾ സെർച്ച് ചെയ്ത് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനെക്കുറിച്ച് പഠിക്കുകയായിരുന്നു.
ശ്രീഹരിയുടെ നിർബന്ധ പ്രകാരം വീട്ടുകാർ ബുധനാഴ്ച രാവിലെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. കുട്ടിയുടെ ആഗ്രഹം പറഞ്ഞുകേട്ട സി.ഐ ശശീന്ദ്രന്റെ പ്രത്യേക താല്പര്യപ്രകാരം ശ്രീഹരിയെ പൊലീസ് ജീപ്പിൽ കയറ്റി ചുറ്റിസഞ്ചരിച്ചു. പിതാവ് സച്ചിനും സ്റ്റേഷനിലെ എസ്.ഐയും പി.ആർ.ഒയുമായ പി.എ.ജെയ്‌സൺ, പൊലീസുകാരായ അരുൺ, ഗിരീഷ് എന്നിവരൊടൊപ്പമായിരുന്നു യാത്ര.
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, ചന്തപ്പുര ബസ് സ്റ്റാൻഡ്, ഷോപ്പുകൾ തുടങ്ങിയ സ്ഥലങ്ങൾ ജീപ്പിലിരുന്ന് ശ്രീഹരി കൗതുകത്തോടെ കണ്ടു. സ്റ്റേഷനും ജീപ്പ് യാത്രയും ഇഷ്ടമായെന്നും ഇനിയും വരാമെന്നും പൊലീസ് ആവാനാണ് ആഗ്രഹമെന്നും ശ്രീഹരി പറഞ്ഞു. ഇരിങ്ങാലക്കുട നടവരമ്പ് ഗവ. സ്‌കൂളിലെ വിദ്യാർത്ഥിയാണ് ശ്രീഹരി. കഴിഞ്ഞവർഷം ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ സന്ദർശിച്ചിരുന്നു. ഐക്കരകുന്ന് സ്വദേശി സച്ചിൻ- പ്രിയ ലക്ഷ്മി ദമ്പതികളുടെ മകനാണ് ശ്രീഹരി.