ചൂട് കൂടിയതോടെ മിക്ക വീടുകളിലും സ്ഥിരമായി വാങ്ങുന്ന ചില പഴങ്ങളുണ്ട്. തണ്ണിമത്തൻ തന്നെയാണ് അതിൽ ഒന്നാം സ്ഥാനത്ത്.ഏറ്റവും കൂടുതൽ ജലാംശം അടങ്ങിയിരിക്കുന്ന പഴവർഗങ്ങളിൽ ഒന്നാണിത്.
ചൂടുളള കാലാവസ്ഥയിൽ തണ്ണിമത്തൻ കൂടുതലായി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണംചെയ്യും. ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല മിക്കവർക്കും അറിയാത്ത മറ്റൊരു അത്ഭുത ഗുണം കൂടി തണ്ണിമത്തനുണ്ട്.
മുഖത്ത് തിളക്കം കൂട്ടാനും ജലാംശം നിലനിർത്തി മോയ്സ്ചറൈസ് ചെയ്യാനുമൊക്കെ പലരും ബ്യൂട്ടീപാർലറുകളെയാണ് ആശ്രയിക്കുന്നത്. ഗോൾഡൻ ഫേഷ്യലടക്കം ചെയ്യുന്നു. ഇതിനൊക്കെ ആയിരം രൂപയിലധികം ചെലവാകുകയും ചെയ്യും. എന്നാൽ തണ്ണിമത്തൻ ഉപയോഗിച്ച് ആ പൈസ ലാഭിക്കാം. മുഖത്തെ ചുളിവുകളും കറുത്തപാടുകളുമൊക്കെ അകറ്റാൻ തണ്ണിമത്തൻ ഫേസ്പാക്കുകൾ സഹായിക്കും.
തണ്ണിമത്തനൊപ്പം കുറച്ച് വെള്ളരിക്ക നീരും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യണം. ചർമത്തിന് തിളക്കം കൂടും.
വെയിലത്തൊക്കെ ഇറങ്ങുമ്പോൾ സൺ ടാൻ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇത് അകറ്റാനും തണ്ണിമത്തൻ സഹായിക്കും. തണ്ണിമത്തനും തൈരും സമാസമം യോജിപ്പിച്ച് മുഖത്ത് തേച്ചാൽ മതി. ഇരുപത് മിനിട്ടിന് ശേഷം കഴുകിക്കളയാം. ചർമത്തിലെ അഴുക്കുകളും കറുത്തപാടുകളും അകറ്റാനുമൊക്കെ ഇത് സഹായിക്കും. ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കണം. അതേസമയം, അലർജിയോ മറ്റോ ഉള്ളവർ പാച്ച് ടെസ്റ്റ് ചെയ്യാതെ ഒന്നും മുഖത്തിടരുത്.