തിരുവനന്തപുരം: കിഴക്കേകോട്ടയിലെ ഗാന്ധിപാർക്ക് സ്മാർട്ടാകാനൊരുങ്ങുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 1.8 കോടി ചെലവിട്ടാണ് പാർക്ക് മുഖം മിനുക്കുന്നത്. തകർന്ന് ശോചനീയാവസ്ഥയിലായ പഴയ മതിൽ പൂർണമായും പൊളിച്ചുമാറ്റി പുതിയ മതിൽ നിർമ്മിക്കും. 5000 ചതുരശ്രമീറ്ററിൽ സ്ഥിതി ചെയ്യുന്ന ഗാന്ധി പാർക്കിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. തണൽ മരങ്ങൾ, ഇരിപ്പിടം, ഓപ്പൺ ഓഡിറ്റോറിയം, വിശ്രമ സ്ഥലം, കുട്ടികൾക്കുള്ള കളിസ്ഥലം, നടപ്പാത തുടങ്ങിയവയാണുള്ളത്.
പഴയ ചുറ്റുമതിൽ മാറ്റി ഒരാൾ പൊക്കത്തിലാണ് പുതിയ മതിൽ നിർമ്മിക്കുന്നത്. ഏപ്രിലിൽ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ ജൂണിൽ അവസാനിക്കും.കാൽനടയാത്രക്കാർക്ക് നടക്കാൻ ബുദ്ധിമുട്ടായതിനാൽ തറയോട് മാറ്റി പുതിയ തറയോട് സ്ഥാപിക്കും. നിലവിൽ ഗാന്ധി പ്രതിമ മാത്രമുണ്ടായിരുന്ന പാർക്കിൽ ഗാന്ധിജിയുടെ അപൂർവ നിമിഷങ്ങളിലുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയ എക്‌സിബിഷൻ കോർണറും സ്ഥാപിക്കും.