4

നമ്മുടെ രാജ്യത്തെ ജനങ്ങളിൽ ഭൂരിഭാഗവും പൊതു ഗതാഗതത്തെയാണ് യാത്ര ചെയ്യാനായി ഉപയോഗിക്കുന്നത്. ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളുമെല്ലാം എത്ര തിരക്കായാലും ബസുകളിലാണ് യാത്ര ചെയ്യുന്നത്. പണച്ചെലവ് കുറയ്‌ക്കുക, ഏറെ ദൂരം സ്വയം വാഹനമോടിക്കുന്നത് കാരണമുണ്ടാകുന്ന ക്ഷീണം അകറ്റുക തുടങ്ങിയവയാണ് ജനങ്ങളെ പൊതു ഗതാഗതത്തോടടുപ്പിക്കുന്ന പ്രധാന കാരണങ്ങൾ. എന്നാൽ, റോഡുകളിലുണ്ടാകുന്ന ഗതാഗത കുരുക്ക് കാരണം ജനങ്ങൾ വലയുകയാണ്.

ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൃത്യ സമയത്ത് എത്തേണ്ടവർ റോഡിലെ ബ്ലോക്ക് കാരണം മണിക്കൂറുകൾ വൈകിയാണ് അവിടേക്കെത്തുന്നത്. എന്നാൽ, ഇത് മറികടക്കാൻ സ്വന്തം വാഹനത്തിലിറങ്ങാം എന്ന് കരുതിയാലും നടക്കില്ല. റോഡിലെ ഗതാഗത കുരുക്കിൽ ഇവർക്കും ഏറെ സമയം കുടുങ്ങിക്കിടക്കേണ്ടി വരുന്ന സാഹചര്യമാണ്. നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ ട്രാഫിക്ക് ബ്ലോക്ക് അനുഭവപ്പെടുന്നത് കൊച്ചിയിലാണ്.

ഇന്ത്യയിൽ മെട്രോപൊളിറ്റൻ നഗരങ്ങളിലെല്ലാം ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. എന്നാൽ, ഇതിനെല്ലാം പുതിയൊരു പരിഹാരം വരാൻ പോകുകയാണ്. അതാണ് 'ഫ്ലൈയിംഗ് ടാക്‌സി'. ഈ സംവിധാനം എത്തിക്കഴിഞ്ഞാൽ വൻ ഗതാഗത കുരുക്കുള്ള സ്ഥലങ്ങളിൽ പോലും മിനിട്ടുകൾക്കുള്ളിൽ എത്തിച്ചേരാൻ സാധിക്കും. എന്താണ് ഫ്ലൈയിംഗ് ടാക്‌സി എന്നും നമ്മുടെ നാട്ടിൽ ഈ സംവിധാനം എന്ന് മുതൽ ആരംഭിക്കുമെന്നും നോക്കാം.

flying-taxi

എന്താണ് ഫ്ലൈയിംഗ് ടാക്‌സി?

യാത്രക്കാരെ കൊണ്ടുപോകുന്ന ചെറിയ വിമാനങ്ങളെയാണ് എയർ ടാക്‌സി അല്ലെങ്കിൽ ഫ്ലൈയിംഗ് ടാക്‌സി എന്ന് പറയുന്നത്. ഇൻഡിഗോയുടെ ഉടമയായ ഇന്റർഗ്ലോബ് എന്റർപ്രൈസസും എയർക്രാഫ്റ്റ് ഭീമൻ ബോയിംഗിന്റെ പിന്തുണയുള്ള അമേരിക്കൻ കമ്പനിയായ ആർച്ചറും ചേർന്നാണ് നമ്മുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഫ്ലൈയിംഗ് ടാക്‌സികൾ ഒരുക്കുന്നത്.

ഇ - വിടിഒഎൽ (ഇലക്‌ട്രിക്കൽ വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിംഗ്) എന്ന് വിളിക്കുന്ന ഫ്ലൈയിംഗ് ടാക്‌സികളിൽ അഞ്ച് സീറ്റുകളാവും ഉണ്ടാവുക. അതിൽ ഒരു ടാക്‌സിയിലെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. പക്ഷേ, പറന്നാവും യാത്ര എന്നത് മാത്രമാണ് വ്യത്യാസം. ഡൽഹിയും ഗുരുഗ്രാമും തമ്മിൽ ബന്ധിപ്പിക്കുന്ന റൂട്ടിലാണ് ഇന്ത്യയിലെ ആദ്യ എയർ ടാക്‌സി വരാൻ പോകുന്നത്.

റോഡിലൂടെ യാത്ര ചെയ്യാൻ മണിക്കൂറുകൾ വേണ്ട ഈ സ്ഥലത്തേക്ക് എയർ ടാക്‌സി വന്നുകഴിഞ്ഞാൽ വെറും ഏഴ് മിനിട്ടിനുള്ളിൽ എത്തിച്ചേരാൻ സാധിക്കുന്നതാണ്. മാത്രമല്ല, തുടർന്ന് ബംഗളൂരു, മുംബയിലെ ബാന്ദ്രയിലും കൊളാബയിലും ചെന്നൈയിലും എയർ ടാക്‌സികൾ പറക്കും. 2026ലാണ് എയർ ടാ‌ക്‌സി ഇന്ത്യയിൽ വരാൻ പോകുന്നത്.

1

സൗകര്യങ്ങൾ

ഒരു പൈലറ്റിനും നാല് യാത്രക്കാർക്കുമാണ് എയർ ടാക്‌സിയിൽ യാത്ര ചെയ്യാനാവുക. ഇവരുടെ ലഗേജുകൾ സൂക്ഷിക്കാനുള്ള സംവിധാനങ്ങളും ലഭ്യമാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഭാഗത്ത് നിന്നും അനുമതി ലഭിച്ചാൽ ഇന്ത്യയിൽ ഫ്ലൈയിംഗ് ടാക്‌സികളുടെ ശൃംഖല തന്നെയുണ്ടാകാനുള്ള സാദ്ധ്യത വിദൂരമല്ല.

6

യാത്രാ ചെലവ്

സാധാരണ യാത്രാ സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ തുകയുടെ വ്യത്യാസം മാത്രമേ ഇതിനുണ്ടാകുകയുള്ളു. നിങ്ങൾ സാധാരണ ഒരു ഊബർ ടാക്‌സിയിൽ യാത്ര ചെയ്യുന്നതിനേക്കാൾ 1.5 ശതമാനം മാത്രമം അധിക ചെലവേ ഇതിന് വരികയുള്ളു. ഉദാഹരണത്തിന് ഡൽഹിയിൽ നിന്ന് ഗുരുഗ്രാമിലേക്ക് യാത്ര ചെയ്യാൻ 1,500 - 2,000 രൂപയാണ് ചെലവ് വരുന്നതെങ്കിൽ ഒരു എയർ ടാക്‌സിയിൽ സഞ്ചരിക്കാൻ 2,000 - 3,000 രൂപ വരെ ചെലവാകും.

2

വെല്ലുവിളികൾ

എയർ ടാക്‌സികളിലെ സുരക്ഷയുടെ കാര്യത്തിൽ ഏറെ വെല്ലുവിളികൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇതിലെ യാത്രക്കാരുടെ കാര്യത്തിൽ മാത്രമല്ല, മറ്റ് വിമാനങ്ങൾക്കും ഇവ തലവേദനയായി മാറിയേക്കാം. ഇതേക്കുറിച്ചുള്ള പഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണ്. മാത്രമല്ല, മറ്റ് ഗതാഗത മാർഗങ്ങളെ അപേക്ഷിച്ച് ചെറിയ രീതിയിൽ പണച്ചെലവ് കൂടുതലുള്ളതും മറ്റൊരു വെല്ലുവിളിയാകും. എയർ ടാക്‌സികൾക്ക് നിൽക്കാനും പറന്നുയരാനും ഇറങ്ങാനും സ്ഥലം ആവശ്യമാണ്. ഇത് യാത്രക്കാരൻ നിൽക്കുന്ന സ്ഥലത്ത് നിന്നും ഏറെ ദൂരെയാണെങ്കിൽ ഇതുകൊണ്ട് പ്രയോജനം ഉണ്ടായെന്ന് വരില്ല.