ലണ്ടൻ: പ്രവർത്തനം ആരംഭിച്ച് 193 വർഷങ്ങൾക്കുശേഷം ലണ്ടനിലെ പുരുഷ ക്ളബ് സ്‌ത്രീകൾക്കായി വാതിൽ തുറക്കുന്നു. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ഗാരിക് ക്ളബാണ് പുതിയ മാറ്റത്തിനൊരുങ്ങുന്നത്. സമൂഹത്തിൽ വളരെ ഉന്നതരായ പുരുഷന്മാർ മാത്രമുള്ള ഗാരിക് ക്ളബ് 1831ലാണ് സ്ഥാപിതമായത്.
ഏകദേശം 1500 പേരുള്ള ക്ളബിൽ പാർലമെന്റ് എം പിമാർ, കോടതി ജഡ്‌ജികൾ, സിനിമാനടന്മാർ, ബിസിനസുകാർ എന്നിവരാണ് കൂടുതൽ അംഗങ്ങളും. ചാൾസ് രാജാവും ക്ളബിലെ അംഗമാണെന്ന പ്രചാരണങ്ങളുണ്ട്. ക്ളബ് ആരംഭിച്ചതുമുതൽ വനിതകൾക്ക് അംഗത്വം നൽകിയിരുന്നില്ല. അടുത്തിടെവരെ സ്‌ത്രീകൾക്ക് അതിഥികളായി പോലും ഇവിടേയ്ക്ക് ക്ഷണമില്ലായിരുന്നു. നിലവിൽ ക്ഷണിക്കപ്പെടുന്ന സ്‌ത്രീകൾക്ക് വ്യത്യസ്ത പ്രവേശന വാതിലുകളും ഇരിപ്പിടങ്ങളുമാണ് നൽകുന്നത്.
ക്ളബിൽ സ്‌ത്രീകൾക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പിൽ 60 ശതമാനം പേർ അനുകൂലമായി വോട്ട് ചെയ്തു. രണ്ട് മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു വോട്ടെടുപ്പ്. നടൻ സ്റ്റീഫൻ ഫ്രൈ, മാദ്ധ്യമപ്രവർത്തകനായ ജെയിംസ് നോട്ടീ എന്നിവർ അനുകൂല വോട്ട് രേഖപ്പെടുത്തിയവരിലെ പ്രമുഖരിൽ ഉൾപ്പെടുന്നു. മൊത്തം അംഗങ്ങളിൽ 562 പേർ അനുകൂലമായും 375 പേർ പ്രതികൂലമായും വോട്ട് ചെയ്തുവെന്നാണ് വിവരം.