കൊച്ചി: ചീട്ടുകളിയിൽ തോറ്റയാൾ ക്വട്ടേഷൻ നൽകി നഷ്ടപ്പെട്ട പണത്തിന്റെ ഇരട്ടിയും കളിക്കാരുടെ സ്വർണാഭരണങ്ങളും കൈക്കലാക്കി. അതിബുദ്ധി ആപത്തായതോടെ ക്വട്ടേഷൻ നൽകിയയാളും ഏറ്റെടുത്തവരും അകത്തായി. ജില്ലയിലെ ചീട്ടുകളി നടത്തിപ്പുകാരിലേക്കും ഇത് അന്വേഷണത്തിന് വഴിതുറന്നു.
പറവൂർ സ്വദേശി നിസാറാണ് ക്വട്ടേഷൻ നൽകിയത്. പറവൂർ സ്വദേശികളായ ഡിബിൻ, റോജൻ, സുധീഷ്, അരൂർ സ്വദേശി മൻസൂർ, തമ്മനം സ്വദേശി അൻസാർ, ചളിക്കവട്ടം സ്വദേശി ജിതിൻ, എ.കെ.ജി നഗർ സ്വദേശി ബിജോയ് എന്നിവരാണ് ഇയാൾക്ക് പുറമേ അറസ്റ്റിലായത്. കോതമംഗലം സ്വദേശിയുടെടേതടക്കം രണ്ടര ലക്ഷം രൂപയും 11പവന്റെ സ്വർണാഭരണങ്ങളും ഇവർ തട്ടിയെടുത്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മുൻ ഞാറാഴ്ച നടന്ന ചീട്ടുകളിയിൽ നിസാറിന് നഷ്ടമായ ഒരു ലക്ഷത്തോളം തിരിച്ചു പിടിക്കണമെന്ന ചിന്തയാണ് ക്വട്ടേഷൻ സംഘത്തിലേക്ക് എത്തിച്ചത്. തൈക്കൂടത്തെ ഹോട്ടൽ മുറിയിൽ രഹസ്യമായി നടക്കുന്ന ചീട്ടുകളിയെക്കുറിച്ച് സംഘത്തിന് വിവരവും നൽകി. ആറംഗ സംഘംപരാതിക്കാരനെയടക്കം ക്രൂരമായി മർദ്ദിച്ചു. ചീട്ടുകളിക്കാൻ കൊണ്ടുവന്ന പണവും ഇവരുടെ ആഭരണങ്ങളും ഭീഷണിപ്പെടുത്തി കൈക്കലാക്കി മുറി പുറത്തുനിന്ന് പൂട്ടി സംഘം സ്ഥലംവിട്ടു.
ഉടൻ തന്നെ കോതമംഗലം സ്വദേശി മരട് പൊലീസിനെ സമീപിച്ചു, ഹോട്ടലിലെ സി.സി.ടിവിയിൽ നിന്ന് പ്രതികളെത്തിയ വാഹനത്തിന്റെ ദൃശ്യം ലഭിച്ചതോടെ അന്വേഷണം എളുപ്പമായി. പ്രതികളെ ആമ്പല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ക്വട്ടേഷൻ സംഘവും നിസാറും ഒന്നിച്ചായിരുന്നു യാത്ര. മർദ്ദനമേറ്റവർ പരാതി നൽകില്ലെന്നാണ് ഇവർ കരുതിയിരുന്നത്. സി.ഐ സജുകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ലെബിമോൻ, ശ്യാംലാൽ, എസ്.സി.പി.ഒമാരായ വിനോദ് വാസുദേവൻ, അരുൺരാജ് എന്നിവാരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ്ചെയ്തു.
• ഞായറാഴ്ച മാത്രം
ഞായറാഴ്ചകളിലാണ് ചീട്ടുകളി. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ മുന്തിയ ഹോട്ടലുകളിലും ഹോം സ്റ്റേകളിലുമാണ് ഇപ്പോൾ കളി. അഞ്ചോ ആറോ മുറികൾ മൊത്തമായി ബുക്ക് ചെയ്യും. പുലരുവോളം കളി നീളും. നിയന്ത്രിക്കുന്നത് ഗുണ്ടാ സംഘങ്ങളെന്നാണ് വിവരം. നല്ലൊരു തുക ഇവർക്ക് കമ്മിഷനായി ലഭിക്കും.