baby-

ഫ്‌ളോറിഡ: വിവാഹം എന്നത് ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ്. അന്നത്തെ ദിവസം തങ്ങളാൽ കഴിയുംവിധം മനോഹരമാക്കാൻ ഓരോരുത്തരും ശ്രമിക്കാറുണ്ട്. ഫോട്ടോഷൂട്ടും കേക്ക് മുറിക്കലുമൊക്കെ നടക്കും. എന്നാൽ വിവാഹ ദിനം തന്നെ വധു പ്രസവിച്ചാൽ എന്തായിരിക്കും അവസ്ഥ? അത്തരത്തിലൊരു സംഭവമാണ് ഫ്‌ളോറിഡയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിവാഹത്തിന് മുമ്പേ ബ്രിയാന ലൂക്കസെറെസോ എന്ന് സ്ത്രീ എട്ട് മാസം ഗർഭിണിയായിരുന്നു. വിവാഹത്തിന് മുമ്പേ കുട്ടികൾ ജനിക്കുന്നത് അവിടെ സർവ സാധാരണമാണ്. കാമുകനുമായി യുവതിയുടെ വിവാഹ നിശ്ചയിച്ചു. ചടങ്ങ് നടക്കുന്നതിന് തലേദിവസം അസ്വസ്ഥതകളുണ്ടായി യുവതി ആശുപത്രിയിലായി. പ്രസവം നേരത്തെയായിരിക്കുമെന്ന് ഡോക്ടർ പറഞ്ഞു. പ്രതിശ്രുതവരനായ ലൂയിസ് സെറെയും കൂടെയുണ്ടായിരുന്നു.

ഇതിനിടയിൽ നഴ്സുമാർ വിവാഹിതരാണോയെന്ന് ഇവരോട് ചോദിച്ചു. അടുത്ത ദിവസം വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്ന് ഇരുവരും അറിയിച്ചു. ഇതോടെ ആശുപത്രി അധികൃതർ ഇവർക്ക് പിന്തുണ നൽകി. നഴ്സുമാരിൽ ഒരാൾ വധുവിന്റെ ഇഷ്ടാനുസരണം ആശുപത്രി ഷീറ്റുകൾ ഉപയോഗിച്ച് അരമണിക്കൂറിനുള്ളിൾ ബ്രൈഡൽ ഗൗൺ തയ്യാറാക്കി. വിവാഹ മോതിരങ്ങൾ കൈയിലുള്ള ബാഗിലുണ്ടായിരുന്നു. അങ്ങനെ അവർ നിശ്ചയിച്ച തീയതിയിൽ തന്നെ ആശുപത്രിയിൽ വച്ച് വിവാഹിതരായി. പരസ്പരും മോതിരം കൈമാറി. കേക്ക് മുറിച്ചു. ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകൾക്കകം യുവതി ആൺകുഞ്ഞിന് ജന്മം നൽകി. അതേസമയം, ആശുപത്രി വിട്ട ശേഷം റിസപ്ഷൻ നടത്തുമെന്ന് വരൻ അറിയിച്ചു. കൂടാതെ ആശുപത്രി അധികൃതരോട് നന്ദിയും പറഞ്ഞു.